മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത ചിത്രം ‘തുടരും’ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ‘എന്നും എപ്പോഴും കൂടെ നിന്നവർക്ക് നന്ദി’ എന്ന പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ചില യാത്രകള്‍ക്ക് വലിയ ശബ്ദങ്ങള്‍ ആവശ്യമില്ല, മുന്നോട്ടുകൊണ്ടുപോകാന്‍ ഹൃദയങ്ങള്‍ മാത്രം മതി. കേരളത്തിലെ എല്ലാ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളും തകര്‍ത്ത്, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഹൃദയങ്ങളില്‍ ‘തുടരും’ ഇടംനേടി. സ്‌നേഹത്തിന് നന്ദി’, എന്ന കുറിപ്പോടെയാണ് മോഹൻലാൽ പോസ്റ്റർ പങ്കുവെച്ചത്.
200 കോടി ക്ലബിൽ ഇടം നേടുന്ന മൂന്നാമത്തെ മലയാള ചിത്രവും രണ്ടാമത്തെ മോഹൻലാൽ ചിത്രവുമാണ് തുടരും. ഏപ്രില്‍ 25-ന് തീയേറ്ററുകളില്‍ എത്തിയ ചിത്രം 17 ദിവസംകൊണ്ടാണ് 200 കോടി ആഗോളകളക്ഷന്‍ നേടിയത്.
മോഹൻലാലിനെ നായകനാക്കി പ്രത്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ‘എമ്പുരാനും'(268 കോടി), ചിദംബരം എസ് പൊതുവാൾ സംവിധാനം ചെയ്ത ‘മഞ്ഞുമ്മൽ ബോയ്സ്’ (242 കോടി) എന്നിവയാണ് ഈ നേട്ടത്തിലെത്തിയ രണ്ടു സിനിമകൾ.
കേരളത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രമായി ചിത്രമായി ‘തുടരും’ കഴിഞ്ഞദിവസം മാറിയിരുന്നു. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം ‘2018’-നെ മറികടന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 88 കോടിയയായിരുന്നു 2018ന്‍റെ കേരളത്തിലെ കളക്ഷൻ.
കെ.ആർ. സുനിലിനൊപ്പം തരുണുമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷൺമുഖൻ എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ വേഷമിട്ടിരിക്കുന്നത്. ഒരു ടാക്‌സി ഡ്രൈവർ കഥാപാത്രമാണ് ചിത്രത്തിൽ മോഹൻലാലിൻ്റേത്. ലളിത എന്ന വീട്ടമ്മയായി നായികാ കഥാപാത്രമായി ശോഭന എത്തിയിരിക്കുമ്പോൾ ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, ബിനു പപ്പു, ഇർഷാദ് അലി, ആർഷ കൃഷ്‌ണ പ്രഭ, പ്രകാശ് വർമ, അരവിന്ദ് എന്നിവരും കഥാപാത്രങ്ങളായി ഉണ്ട്.