• Tue. Aug 12th, 2025

24×7 Live News

Apdin News

എന്നെ തടയാന്‍ ജയരാജന്റെ സൈന്യം പോരാതെ വരും; ഭീഷണിയുടെ വാറോല മടക്കി അലമാരയില്‍ വച്ചാല്‍മതി, ജയരാജന് മറുപടിയുമായി സദാനന്ദൻ മാസ്റ്റർ

Byadmin

Aug 12, 2025



തിരുവനന്തപുരം: ഞാൻ എംപിയായി വിലസുന്നത് തടയാന്‍ ജയരാജന്‍ പോരന്നും എന്നെ തടയാന്‍ ജയരാജന്റെ സൈന്യം പോരാതെ വരുമെന്നും സി. സദാനന്ദൻ മാസ്റ്റർ എം. പി. രാഷ്‌ട്രപതിയുടെ ഉത്തരവിലൂടെയാണ് എംപിയായത്. അസഹിഷ്ണുത പൂണ്ട് കലിതുള്ളേണ്ടതില്ല. ഭീഷണിയുടെ വാറോല മടക്കി അലമാരയില്‍ വച്ചാല്‍മതിയെന്നും സി.സദാനന്ദന്‍ മാസ്റ്റർ പറഞ്ഞു.

കമ്മ്യുണിസ്റ്റുകാരെ ജയിലിലാക്കി എംപിയായി വിലസാമെന്ന് ആരും കരുതേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജന്റെ പരാമര്‍ശത്തിന് മറുപടിയാണ് സദാനന്ദന്‍ മാസ്റ്റർ നൽകിയത്. കമ്മ്യൂണിസ്റ്റുകാരെ ജയിലിലാക്കിയത് പരമോന്നത നീതിപീഠമാണെന്നും നേതാക്കൾ ബോംബും വാളും മഴുവും നൽകി പറഞ്ഞയച്ചതനുസരിച്ച് കൊടുംക്രൂരത കാണിച്ചതിനുള്ള ശിക്ഷയ്‌ക്ക് ഇപ്പോൾ വിലപിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു.

നിങ്ങളുടെ അടിമത്തം പേറാൻ മനസ്സില്ലെന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചതിന്റെ പേരിൽ ദുരിതം പേറേണ്ടിവന്ന അനേകായിരം അമ്മമാരുടെ, കുടുംബങ്ങളുടെ ആശിർവാദം തനിക്കൊപ്പമുണ്ടെന്നും സദാനന്ദൻ മാസ്റ്റർ ഫേസ് ബുക്ക് പോസ്റ്റിൽ പ്രതികരിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

എം.പി.യായി വിലസാൻ തന്നെയാണ് തീരുമാനം….!!
തിരക്കിലായിരുന്നതുകൊണ്ട് സഖാവിന്റെ തീട്ടൂരം അറിയാൻ വൈകി.
എം.പിയായി വിലസുന്നതു തടയാൻ താങ്കൾ മതിയാവില്ലല്ലോ സഖാവേ….!! സഖാവിന്റെ സൈന്യവും പോരാതെ വരും.
കമ്മ്യൂണിസ്റ്റുകാരെ (?) ജയിലിലാക്കിയത് പരമോന്നത നീതിപീഠമാണ്. നിങ്ങൾ നേതാക്കൾ ബോംബും വാളും മഴുവും നൽകി പറഞ്ഞയച്ചതനുസരിച്ച് കൊടുംക്രൂരത കാണിച്ചതിനുള്ള ശിക്ഷയാണ്. ഇപ്പോൾ വിലപിച്ചിട്ട് കാര്യമില്ല.
ഞാൻ രാജ്യസഭാംഗമായത് ആരാധ്യയായ രാഷ്‌ട്രപതിയുടെ ഉത്തരവിലൂടെയാണ്. ലോക നേതാവായ പ്രധാനമന്ത്രിയുടെ നിർദ്ദേശത്താലാണ്. പ്രസ്ഥാനത്തിനായി ജീവൻ വെടിഞ്ഞവർ (അല്ല നിങ്ങൾ കൊത്തിക്കീറി സംഹരിച്ചവർ) നെഞ്ചേറ്റിയ ആദർശത്തിന്റെ സാക്ഷാത്ക്കാരമായാണ്. പ്രസ്ഥാനം പഠിപ്പിച്ചതനുസരിച്ച് ദശാബ്ദങ്ങളായി നടത്തുന്ന സാമൂഹ്യ സേവനത്തിനുള്ള അംഗീകാരമായാണ്.
അതിൽ അസഹിഷ്ണുത പൂണ്ട്, വെറികൊണ്ട് കലിതുള്ളി തൊണ്ട പൊട്ടിക്കേണ്ട…. ഫലമില്ല. നിങ്ങളുടെ അടിമത്തം പേറാൻ മനസ്സില്ലന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചതിന്റെ പേരിൽ ദുരിതം പേറേണ്ടിവന്ന അനേകായിരം അമ്മമാരുടെ, കുടുംബങ്ങളുടെ ആശിർവാദം എന്നോടൊപ്പമുണ്ട്. നാട്ടിൽ നന്മ പുലർന്നു കാണാനാഗ്രഹിക്കുന്ന ലക്ഷങ്ങളുടെ പിന്തുണയെനിക്കുണ്ട്.
അതുകൊണ്ട് ആ വാറോല മടക്കിക്കെട്ടി അങ്ങ് അലമാരയിൽ വെച്ചാൽ മതി.
ഇങ്ങനെയൊക്കെ പറയണമെന്ന് ചിന്തിച്ചതേയല്ല. പറയരുതെന്നു തന്നെയാണ് നിശ്ചയിച്ചിരുന്നതും. പറയിപ്പിച്ചേ അടങ്ങൂ എന്നാണെങ്കിൽ എന്തു ചെയ്യും…! നാടിന് ഗുണമുണ്ടാകുന്ന പണി ധാരാളം വേറെയുണ്ട്.

By admin