• Mon. Oct 6th, 2025

24×7 Live News

Apdin News

‘എന്റെ കൈയ്യെവിടേ അമ്മേ’

Byadmin

Oct 6, 2025


ചികിത്സാ പിഴവ്മൂലം കൈമുറിച്ചുമാറ്റേണ്ടിവന്ന ഒരു നാലാംക്ലാസുകാരി പെണ്‍കുട്ടി കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വെച്ച് അടക്കാനാവാത്ത സങ്കടത്തോടെ സ്വന്തം അമ്മയോട് ചോദിച്ച ചോദ്യമാണിത്. പല്ലശ്ശന ഒഴിവുപാറ പ്രസിദ -വിനോദ് ദമ്പതികളുടെ മകള്‍, ഒമ്പതുവയസുകാരി വിനോദിനിയുടെ വലതു കൈയാണ് മെഡിക്കല്‍ കോളജില്‍ വെച്ച് കഴിഞ്ഞ ദിവസം മുറിച്ചുമാറ്റിയത്. ഡോക്ടര്‍മാരുടെ അനാസ്ഥയും ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടുംകാരണം സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ചികിത്സാപിഴവുകളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് വിനോദിനി. തങ്ങളുടെ കഴിവുകേടുകള്‍ മറച്ചുവെക്കാനും സ്വയംകെട്ടിപ്പൊക്കിയ ഇമേജ് തകരാതിരിക്കാനുമായി ശരിയായ അന്വേഷണങ്ങള്‍ നടത്താനോ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനോ തയാറാകാത്ത ആരോഗ്യ വകുപ്പിന്റെ സമീപനമാണ് ഒന്നിനുപിറകെ ഒന്നായി ധാരുണമായ ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്ത് ആവര്‍ ത്തിച്ചുകൊണ്ടിരിക്കുന്നതിന്റെ പിന്നില്‍. നേരത്തെയുണ്ടായ സംഭവങ്ങളിലെന്നപോലെ ഇക്കാര്യത്തിലും ഡോക്ടര്‍മാരെ സംരക്ഷിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുകയാണ്.

സെപ്തംബര്‍ 24ന് കളിക്കുന്നതിനിടെ വീണ്‌കൈക്ക് പരിക്കേറ്റ വിനോദിനിയെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം എത്തിച്ചത്. ഇവിടെ ഡോക്ടര്‍മാരില്ലെന്ന കാരണത്താല്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എക്‌സറേ പരിശോധിച്ച് കൈയിന്റെ രണ്ട് എല്ലുകള്‍ക്കും പൊട്ടലുണ്ടെന്ന് പറഞ്ഞ ഡോക്ടര്‍മാര്‍, സര്‍ജറി ആവശ്യമില്ലാത്ത ക്ലോസ്ഡ് മാനിപ്പുലേഷന്‍ റിഡക്ഷന്‍ ചികിത്സയാണ് നല്‍കിയത്. ഇതിന് ശേഷം മറ്റൊരു എക്‌സ്‌റേ എടുത്ത് പരിശോധിച്ച് എല്ലുകള്‍ പൂര്‍വസ്ഥിതിയാണെന്ന് ഉറപ്പാക്കി പിറ്റേദിവസം ഒ.പിയില്‍ എത്താനാവശ്യപ്പെട്ട് വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു. പിറ്റേദിവസം കുട്ടിയെ എല്ല് രോഗ വിഭാഗത്തിലും കാണിച്ചെങ്കിലും ഡോക്ടര്‍മാര്‍ പ്രശ്നങ്ങളൊന്നും കണ്ടെത്തിയില്ല. വേദനസംഹാരി ഗുളികകള്‍ നല്‍കി രണ്ടാം ദിവസവും മടക്കിയ കുട്ടിയെ അഞ്ച് ദിവസത്തിന് ശേഷം കൈകള്‍ നിറംമങ്ങി ഗുരുതരാവസ്ഥയില്‍ വീണ്ടും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഈ സമയത്ത് മാത്രമാണ് രക്തയോട്ടം തടസ്സപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ യു.എസ്.ജി ആര്‍ടീരിയല്‍ ഡോപ്‌ളര്‍ ടെസ്റ്റ് നടത്തുന്നത്. ഈ പരിശോധനയില്‍ രണ്ട് പ്രധാന ധമനികളിലും രക്തപ്രവാഹമില്ലെന്ന് കണ്ടെത്തി. കൂടുതല്‍ ഗുരുതരാവസ്ഥയിലായതോടെ കാര്‍ഡിയോളജി ചികിത്സാ സൗകര്യമുള്ള കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയാണുണ്ടായത്. ഇവിടെ നടത്തിയ പരിശോധനയില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മറ്റുമാര്‍ഗവുമില്ലെന്ന് വ്യക്തമാക്കി കൈമുറിച്ചുമാറ്റുകയായിരുന്നു. കൈയ്യിന്റെ അവസ്ഥകണ്ട് ‘ഇതെന്താ മാംസക്കെട്ടാണോ ഇങ്ങനെ പൊതിഞ്ഞു അയക്കാനെന്നും ഈ പഴുപ്പൊന്നും പാലക്കാട്ടെ ഡോക്ടര്‍മാര്‍ കണ്ടില്ലേ’ എന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ചോദിച്ചതായി കുട്ടിയുടെ ബന്ധുക്കള്‍ സാക്ഷ്യപ്പെടുത്തുകയുണ്ടായി.

പ്രസ്തുത സംഭവത്തിലാണ് ചികിത്സ പിഴവൊന്നുമുണ്ടായിട്ടില്ലെന്ന വിശദീകരണവുമായി പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഇന്നലെ രംഗത്തിത്തിയിരിക്കുന്നത്. പ്ലാസ്റ്റര്‍ ഇട്ടതുകൊണ്ടുള്ള പ്രശ്നമല്ലെന്നും കയ്യില്‍ വലിയ മുറിവ് ഉണ്ടായിരുന്നില്ലെന്നുമാണ് സൂപ്രണ്ടിന്റെ വിശദീകരണം. പാലക്കാട് ഡിഎംഒ നിയോഗിച്ച രണ്ട് ഡോക്ടര്‍മാരാണ് സംഭവം അന്വേഷിച്ചത്. ഡ്യൂട്ടി ഡോക്ടറുടെയും വകുപ്പ് മേധാവിയുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പതിവുപോലെ ഇത് അപ്പാടെ വിഴുങ്ങി ഇനി ആരോഗ്യകേരളത്തിന്റെ മഹത്വം ഉദ്‌ഘോഷിക്കാന്‍ മാധ്യമങ്ങളെ കാണുന്ന വകുപ്പ് മന്ത്രിയെയാണ് വരുംനാളില്‍ കേരളം കാണാനിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഇത്തരം പൊറാട്ടുനാടകങ്ങള്‍ പതിവുപല്ലവിയായി മാറിയ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. തെയ്‌റോയ്ഡ് ശസ്ത്രക്രിയയെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ സുമയ്യ എന്ന യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടുങ്ങിയ സംഭവത്തിലും തനിയാവര്‍ത്തനമായിരുന്നു. ആരോഗ്യവകുപ്പിന് പരാതി ലഭിച്ചിരുന്നില്ലെങ്കിലും വിഷയം ശ്രദ്ധയില്‍പ്പെട്ടിരുന്നുവെന്നും അന്വേഷണം നടത്തിയിരുന്നുവെന്നും എന്നാല്‍ യുവതിക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതിനാല്‍ തുടര്‍നടപടികള്‍ എടുക്കാതിരിക്കുകയായിരുന്നുവെന്നുമാണ് അന്ന് അധികൃതരുടെ വിശദീകരണമുണ്ടായത്. ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ പിഴവാണുണ്ടായതെന്നും തനിക്ക് നീതി ലഭിക്കണമെന്നും നെഞ്ചില്‍
കുടുങ്ങിക്കിടക്കുന്ന ഗൈഡ് വയര്‍ കാരണം ഭാവിയില്‍ ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് വ്യക്ത മായ വിശദീകരണം വേണമെന്നുവിദഗ്ധ ചിക്തിസനല്‍ കണമെന്നുമെല്ലാമുള്ള സുമയ്യയുടെ ആവശ്യങ്ങള്‍ പക്ഷേ വൃതാവിലാവുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന മൂന്നാമത്തെ പ്രസവ ശസ്ത്രക്രിയക്ക് ശേഷം കുടുങ്ങിയ കത്രിക അഞ്ച് വര്‍ഷമാണ് ഹര്‍ഷിനയ്ക്ക് വയറ്റില്‍ ചുമക്കേണ്ടിവന്നത്. സ്വകാര്യ ആശുപത്രിയിലെ സിടി സ്‌കാനിങ്ങിലാണ് കത്രിക കുടുങ്ങിയതായി കണ്ടെത്തുന്നത്. രോഗിയുടെ വയറ്റില്‍ കണ്ടെത്തിയ കത്രിക മെഡിക്കല്‍ കോളജ് ആശുപത്രിയിലേതല്ലെന്നായിരുന്നു അന്നത്തെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. പ്രശസ്തിയുടെയും പത്രാസിന്റെയും ലോകത്ത് നിന്ന് ഇറങ്ങി വന്ന് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാനും യാഥാര്‍ത്ഥ്യബോധത്തോടെ പെരുമാറാനും പ്രതികരിക്കാനുമെല്ലാം ഇനിയെങ്കിലും വകുപ്പ് മന്ത്രി തയാറാവണമെന്നാണ് ഈ നാടിന് അവരോട് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്. ചികിത്സാപിഴവുമൂലം ജനങ്ങള്‍ക്ക് ജീവനും ജീവിതവുമെല്ലാം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലും അതെല്ലാം നിസാരമായിക്കണ്ട് വാചാടോപങ്ങളില്‍ അഭിരമിക്കാന്‍ മന്ത്രിക്ക് എങ്ങനെയാണ് സാധിക്കുന്നത്. പതിറ്റാണ്ടുകളുടെ പരിശ്രമത്തിലൂടെ നേടിയെടുത്ത നമ്മുടെ ആരോഗ്യരംഗത്തെ മുന്നോട്ടുനയി ക്കാനായില്ലെങ്കിലും അതിനെ തകര്‍ക്കാനുതകുന്ന നീക്ക ങ്ങളില്‍നിന്നെങ്കിലും മന്ത്രി വിട്ടുനില്‍ക്കേണ്ടതുണ്ട്.

By admin