കൊച്ചി: സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന ‘അടൂര്‍ സാഹിത്യോത്സവ’ത്തില്‍ നിന്നും വിട്ടുനില്‍ക്കുമെന്ന് ദലിത് ചിന്തകനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഡോ. ടി എസ് ശ്യാം കുമാര്‍. അടൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ തനിക്കും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ തന്റെ ജനതയെയും തൊഴിലാളികളെയും ജാത്യാധിക്ഷേപം നടത്തിയ അടൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുന്നുവെന്ന് ടി എസ് ശ്യാംകുമാര്‍ പറഞ്ഞു.
‘അടൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. പ്രസ്തുത സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുന്നത് അടൂര്‍ ഗോപാലകൃഷ്ണനാണ്. എന്റെ ജനതയെയും തൊഴിലാളികളെയും ജാത്യധിക്ഷേപം നടത്തിയ അടൂര്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ വിട്ടു നില്‍ക്കുന്നു’, ടി എസ് ശ്യാംകുമാര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പട്ടികജാതി വിഭാഗത്തിനും വനിതകള്‍ക്കും സിനിമ നിര്‍മിക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം ചൂണ്ടിക്കാണിച്ച് സിനിമാ കോണ്‍ക്ലേവില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ വിമര്‍ശനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ച ഗായിക പുഷ്പവതിയെയും അടൂര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പരാമര്‍ശം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചപ്പോഴും തിരുത്താന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.