
സിനിമയിൽ ഉറ്റ സൗഹൃദങ്ങൾ അധികം കാണാറില്ല .എന്നാൽ മോഹൻലാൽ,പ്രിയദർശൻ , സുരേഷ് കുമാർ കൂട്ടുകെട്ടുകൾ അതിനുപ്പുറമാണ് . അത്തരത്തിൽ മറ്റൊരു സൗഹൃദം കൂടിയുണ്ട് മലയാളസിനിമയിൽ ദിലീപ്-നാദിർഷ കൂട്ടുകെട്ട് .
മാനത്തെ കൊട്ടാരം, ഏഴരക്കൂട്ടം മുതലായ ആദ്യകാല ചിത്രങ്ങളിൽ ദിലീപിനെയും നാദിർഷയെയും ഒന്നിച്ച് കാണാൻ സാധിക്കും. നാദിർഷയെ ആദ്യ കാലങ്ങളിൽ പ്രേക്ഷകർ കൂടുതൽ പരിചയപ്പെട്ടത് ഗായകൻ എന്ന നിലയിലാണ്. ദിലീപിനും നാദിർഷയ്‌ക്കും ഏറ്റവും, ശ്രദ്ധ നേടിക്കൊടുത്തത് അക്കാലത്തെ ഏഷ്യാനെറ്റ് ചാനലിലെ പരിപാടികളാണ് . ഇതിൽ ദിലീപ്, സലിം കുമാർ എന്നിവർ കോമിക്കോളയിൽ തിളങ്ങിയപ്പോൾ, ഇതേ ചാനലിലെ സംഗീത പരിപാടിയിൽ നാദിർഷ അവതാരകനായി.
ഇവർ തമ്മിലെ സൗഹൃദം പോലെ തന്നെയാണ് അവരുടെ കുടുംബങ്ങൾ തമ്മിലുള്ള അടുപ്പവും . തന്റെ ഉമ്മയ്‌ക്ക് ദിലീപ് മകൻ തന്നെയാണെന്നാണ് നാദിർഷ പറയുന്നത് . ‘എന്റെ വീട്ടിലും അവന്റെ വീട്ടിലും എന്നും രാത്രി ഞങ്ങളുടെ അമ്മമാർ ചോറ് വിളമ്പി വച്ചിരിക്കും. ആരുടെ വീട്ടിലേക്കാണ് ഞങ്ങൾ ചെല്ലുന്നത് എന്നറിയാൻ പറ്റില്ല. ദിലീപിന്റെ വീട്ടിലെ ഒരംഗമാണ് ഞാൻ. അമ്മയുടെ ഒരു മകനാണ് ഞാൻ. എന്റെ ഉമ്മാനോട് എത്ര മക്കളുണ്ട് എന്ന് ചോദിച്ചാൽ, ഞങ്ങൾ അഞ്ച് മക്കളുടെ കൂടെ ദിലീപിനെയും ചേർത്ത് ആറാമത് ഒരു മോൻ കൂടിയുണ്ട് എന്ന് പറയും.‘ എന്നാണ് നാദിർഷ പറയുന്നത് .
എന്തെങ്കിലും ആവശ്യത്തിന് ദിലീപ് വന്നില്ലെങ്കിൽ സങ്കടം വരികയും ചെയ്യും. ദിലീപിനെ കണ്ടില്ലെങ്കിൽ എന്റുമ്മാക്ക് ഞാൻ ചെല്ലാത്തതിനെക്കാളും വിഷമമാണ്. അവൻ വന്നില്ലാന്നേ പറയൂ എന്നോട്. അങ്ങനെയൊരു സഹോദരനാണ്. സുഹൃത്ത് എന്ന് പറയാൻ പറ്റില്ല’, നാദിർഷ പറയുന്നു.