
ചണ്ഡീഗഢ്: ഹരിയാനയിൽ വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതായുള്ള രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് കാട്ടി യുവതി രംഗത്ത്. ബ്രസീലിയന്‍ മോഡലിനോട് സാമ്യമുള്ള ചിത്രം പതിച്ചതെന്ന് ആരോപിക്കപ്പെടുന്ന വോട്ടർ കാര്‍ഡുള്ള സ്ത്രീകളിലൊരാളായ പിങ്കി ജുഗീന്ദര്‍ കൗശിക് ആണ് തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ചത്.
‘വോട്ട് മോഷണം’ എന്ന വാദം അടിസ്ഥാനരഹിതമാണെന്നും തന്റെ വോട്ട് താന്‍ തന്നെയാണ് ചെയ്തതെന്നും യുവതി മാധ്യമങ്ങളൊട് പറഞ്ഞു. തന്റെ വോട്ടര്‍ ഐഡിയിലെ ഫോട്ടോയില്‍ നേരത്തേ തന്നെ പിശകുണ്ടായിരുന്നുവെന്നും ഇതിനെക്കുറിച്ച് പരാതിപ്പെട്ടിട്ടും തിരുത്തിയ കാര്‍ഡ് ഇതുവരെയും ലഭിച്ചിട്ടില്ലെന്നും പിങ്കി പറഞ്ഞു.
‘2024ല്‍ ഞാന്‍ നേരിട്ടുപോയാണ് വോട്ട് ചെയ്തത്. ഇവിടെ വോട്ട് മോഷണമൊന്നും നടന്നിട്ടില്ല. ആദ്യം ലഭിച്ച വോട്ടര്‍കാര്‍ഡില്‍ ചിത്രം മാറിപ്പോയിരുന്നു. എന്റെ ഗ്രാമത്തിലെ തന്നെ മറ്റൊരു സ്ത്രീയുടെ ചിത്രമായിരുന്നു അതില്‍ ഉണ്ടായിരുന്നത്. ഞങ്ങള്‍ അത് ഉടനടി തിരികെ നല്‍കി. പക്ഷേ ഇതുവരെയും തിരുത്തിയ കാര്‍ഡ് ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ 2024ലെ തിരഞ്ഞെടുപ്പില്‍ എന്റെ വോട്ടര്‍ സ്ലിപ്പും ആധാര്‍ കാര്‍ഡും ഉപയോഗിച്ചാണ് ഞാന്‍ വോട്ട് ചെയ്തത്.’
ഹരിയാനയില്‍ 25 ലക്ഷം വോട്ടുകൾ കവർന്നതായി കോണ്‍ഗ്രസ് നേതാവും ലോക്സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. ഒരു ബ്രസീലിയന്‍ മോഡലിന്റെ ഫോട്ടോ ഒന്നിലധികം വോട്ടര്‍ കാര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ടുവെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു.