• Tue. Nov 4th, 2025

24×7 Live News

Apdin News

എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ ഇനി ജ്വലിക്കുന്ന സ്മരണ

Byadmin

Nov 4, 2025



കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ്, ജന. സെക്രട്ടറി, മഹാത്മാ അയ്യന്‍കാളി സ്മാരക ട്രസ്റ്റിന്റെ ചെയര്‍മാന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ ചുമതലകള്‍ സ്തുത്യര്‍ഹ്യമായി നിര്‍വഹിച്ചുപോന്ന മാതൃകാ വ്യക്തിത്വമായിരുന്നു എന്‍.കെ നീലകണ്ഠന്‍ മാസ്റ്റര്‍. മാന്യമായ പെരുമാറ്റം മുഖമുദ്രയാക്കിയ അദ്ദേഹം, പക്വമായ പ്രതികരണങ്ങളിലൂടെയും, ശ്രദ്ധേയമായ നിലപാടുകളിലും കൃത്യത പാലിച്ച നേതാവായിരുന്നു.

തന്റെ 76 വര്‍ഷ ഇഹലോക ജീവിതത്തില്‍ അര നൂറ്റാണ്ട് കാലത്തെ പ്രവര്‍ത്തനവും അവശജനസമൂഹത്തിനും അധഃസ്ഥിത പിന്നാക്ക സമൂഹത്തിനും മാറ്റിവയ്‌ക്കപ്പെട്ടതായിരുന്നു. വിദ്യാഭ്യാസ കാലഘട്ടത്തിനുശേഷം പുലയ സമൂഹ സംഘടനയായ കെപിഎംഎസ് എന്ന പ്രസ്ഥാനത്തിന്റെ യുവജന നേതാവായി പ്രവര്‍ത്തനം ആരംഭിച്ചു. പിന്നീട് കെപിഎംഎസ് കോട്ടയം ജില്ല സെക്രട്ടറി എന്ന പദവിയും വഹിച്ചു. ആ കാലഘട്ടത്തില്‍ അദ്ധ്യാപക ജോലിയിലും വ്യാപൃതനായി. പിന്നീട് സൗത്താഫ്രിക്കയില്‍ ഏഴു വര്‍ഷക്കാലം മാനേജ്‌മെന്റ് തസ്തികയിലും അതോടൊപ്പം അദ്ധ്യാപന ജോലിയും ചെയ്തു. 2006ല്‍ തിരിച്ചുവന്ന് കെപിഎംഎസ് സെക്രട്ടറിയേറ്റ് അംഗമായി ചുമതലയേറ്റു, തുടര്‍ന്ന് അസി. സെക്രട്ടറിയെന്ന നിലയിലും പ്രവര്‍ത്തിച്ചു. മഹാത്മ അയ്യന്‍കാളിയുടെ കാലഘട്ടത്തിനുശേഷം പട്ടികജാതി സംഘടനകള്‍ ഉയര്‍ത്തിയ ഭൂമി, വിദ്യ, തൊഴില്‍ എന്നിവ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിനും പ്രചാരണത്തിനും ജാഗരണ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുത്തു.

രണ്ടാം ഭൂപരിഷ്‌കരണം നടപ്പിലാക്കണമെന്ന ആവശ്യമുയര്‍ത്തി ജനജാഗരണ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്തത് ടി.വി. ബാബു, നീലകണ്ഠന്‍ മാസ്റ്റര്‍, ഡോ. പി.പി. വാവ എന്നീ കെപിഎംഎസ് നേതൃത്വത്തിന്റെ കാലഘട്ടത്തിലാണ്. 2019 ല്‍ അദ്ദേഹം കെപിഎംഎസ് ജനറല്‍ സെക്രട്ടറിയായി. ആ കാലത്ത് പട്ടികജാതി സമൂഹത്തിന്റെ അടിസ്ഥാന വിഷയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നടത്തിയ ജാഥകള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും മുന്നണി പോരാളിയായി. ഹിന്ദു ഐക്യവേദി രൂപീകരണത്തിന് ശേഷം സാമുദായിക സംഘടന ഏകീകരണ പ്രവര്‍ത്തനത്തിനായി ഹിന്ദു ഐക്യവേദി രൂപീകരിച്ച സാമൂഹ്യനീതി കര്‍മ്മസമിതി പ്രവര്‍ത്തനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം ദേശീയപ്രസ്ഥാനങ്ങളുമായി ബന്ധപ്പെടുന്നത്. പട്ടികജാതി സമൂഹത്തിന്റെ സംവരണവും പദവിയും നഷ്ടപ്പെടുത്തുന്ന ജസ്റ്റിസ് രംഗനാഥ മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നടത്തിയ പ്രക്ഷോഭങ്ങളില്‍ ടി.വി. ബാബു. നീലകണ്ഠന്‍ മാസ്റ്റര്‍, തുറവൂര്‍ സുരേഷ് എന്നിവര്‍ സജീവ പങ്കാളികളായി. 2004ല്‍ കാസര്‍കോഡ് നിന്നാരംഭിച്ച സാമൂഹ്യനീതി യാത്ര തിരുവനന്തപുരത്ത് സമാപിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഹിന്ദു അവകാശ പത്രിക സമര്‍പ്പിക്കുമ്പോള്‍ കെ.പി. ശശികല ടീച്ചര്‍, കുമ്മനം രാജശേഖരന്‍ തുടങ്ങിയവര്‍ക്കൊപ്പം നീലകണ്ഠന്‍ മാഷും സന്നിഹിതനായി. ഹിന്ദു അവകാശപത്രികയില്‍ നടന്ന മൂന്ന് ഔദ്യോഗിക ചര്‍ച്ചയിലും പട്ടികജാതി സംഘടനാ നേതാക്കളെ നയിച്ചത് നീലകണ്ഠന്‍ മാഷ് ആയിരുന്നു.

പട്ടികജാതിവര്‍ഗ്ഗ വികസനനയം രൂപീകരിക്കണമെന്ന ആവശ്യമടക്കം സര്‍ക്കാരിന് സമര്‍പ്പിച്ച 36 ഇന ആവശ്യങ്ങളില്‍ 11 എണ്ണം ചര്‍ച്ചയിലൂടെ സാധ്യമാക്കാന്‍ കഴിഞ്ഞു. 2014 കൊച്ചിയില്‍ കായല്‍ സമ്മേളനം നടത്തി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ അതില്‍ പങ്കെടുപ്പിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പട്ടികജാതി സമൂഹ പ്രശ്‌നങ്ങള്‍ രാഷ്‌ട്രീയമായി പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബിഡിജെഎസ് പ്രസ്ഥാനത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്നു നീലകണ്ഠന്‍ മാഷ്. ടി.വി. ബാബുവിന്റെ നിര്യാണത്തെ തുടര്‍ന്ന് ജനറല്‍ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.

2016ലെ പൊതു തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി വൈക്കം നിയോജക മണ്ഡലത്തില്‍ മത്സരിച്ച് മുപ്പതിനായിരത്തിലധികം വോട്ട് നേടിയാണ് തന്റെ ജനസമ്മതി തെളിയിച്ചത്. അയ്യന്‍കാളി ജയന്തി ആഘോഷം ഭാരത തലസ്ഥാനത്തെ വിജ്ഞാന്‍ ഭവനില്‍ നടത്താനും ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാനും നീലകണ്ഠന്‍ മാഷ് അടക്കമുള്ള നേതാക്കള്‍ക്ക് കഴിഞ്ഞു.

കേരളത്തിലെ പുലയ സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ മാത്രമല്ല, സമൂഹം നേരിടുന്ന വിവിധങ്ങളായ വെല്ലുവിളികള്‍ ഏറ്റെടുത്ത് നടത്തിയ പ്രക്ഷോഭങ്ങളിലും പോരാട്ടങ്ങളിലും ഹൈന്ദവ സമൂഹത്തിന് നേതൃത്വം കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. നീലകണ്ഠന്‍ മാസ്റ്ററുടെ വിയോഗം പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തിന് മാത്രമല്ല മുഴുവന്‍ ഹൈന്ദവ സമൂഹത്തിനും കനത്ത നഷ്ടമാണ്. മഹാത്മ അയ്യന്‍കാളിയുടെ ജന്മസ്ഥാനമായ വെങ്ങാനൂരില്‍ ഉചിതമായ സാംസ്‌കാരിക നിലയവും, അയ്യന്‍കാളി സ്ഥാപിച്ച കുടിപ്പള്ളിക്കുടം ഒരു സര്‍വ്വകലാശാലയാക്കി വളര്‍ത്തിയെടുക്കാനുള്ള കര്‍മ്മപദ്ധതിയും സാധിതമാക്കാന്‍ കഴിയാതെയാണ് അദ്ദേഹത്തിന്റെ വിയോഗം. നീലകണ്ഠന്‍ മാഷ് ഉയര്‍ത്തിയ ആവശ്യങ്ങള്‍, അദ്ദേഹം നേതൃത്വം കൊടുത്ത പ്രക്ഷോഭങ്ങള്‍ അതിന്റെ പൂര്‍ണമായ വിജയത്തിനായുള്ള ധര്‍മ്മസമരത്തില്‍ കേരളീയ ഹിന്ദു സമൂഹം പങ്കാളികളാവുകയെന്നതാണ് അദ്ദേഹത്തിന് നല്‍കാന്‍ കഴിയുന്ന ശ്രദ്ധാഞ്ജലി.

 

By admin