ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. എറണാകുളം ഏനാനല്ലൂര്‍ സ്വദേശി അനന്തു ചന്ദ്രനാണ് (31) അറസ്റ്റിലായത്. ഗുരുതരമായി പരുക്കേറ്റ ഭാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രിയാണ് സംഭവം. മദ്യപാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ആക്രമണം. സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തിയിരുന്ന അനന്തുവുമായി ഭാര്യ വഴക്കിടുന്നത് പതിവായിരുന്നു. അത്തരത്തിലുണ്ടായ ഒരു വാക്കുതര്‍ക്കത്തിനിടെയാണ് അനന്തു ചുറ്റിക ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്ക് അടിച്ചത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ യുവതി അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ അനന്തുവിനെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.