
കോട്ടയം: എബിവിപി 41-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി 6 മുതല്‍ 8 വരെ അക്ഷരനഗരിയായ കോട്ടയത്ത് നടക്കും. സമ്മേളനത്തിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.
വിദ്യാഭ്യാസ മേഖലയിലെ ഭാരതീയവത്കരണവും വികസന കാഴ്ചപ്പാടുകളും, ദേശീയഗീതം വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം, ഭാരതത്തിന്റെ ഭരണഘടനയുടെ 75-ാം വര്‍ഷവും അടിയന്തരാവസ്ഥാ കാലഘട്ടത്തിന്റെ 50-ാം വര്‍ഷവും, ആര്‍എസ്എസിന്റെ ശതാബ്ദി വര്‍ഷം, പ്രൊഫ യശ്വന്ത് റാവു കേല്‍ക്കര്‍ 100-ാം ജന്മവാര്‍ഷികം തുടങ്ങിയ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.
ആര്‍എസ്എസ് ദക്ഷിണ പ്രാന്ത സഹകാര്യവാഹക് കെ. ബി. ശ്രീകുമാര്‍, എബിവിപി സംസ്ഥാന സംഘടനാ സെക്രട്ടറി എന്‍. സി. ടി. ശ്രീഹരി, സംസ്ഥാന സെക്രട്ടറി ഇ. യു. ഈശ്വരപ്രസാദ് എന്നിവര്‍ സംസാരിച്ചു.
എംജി സര്‍വ്വകലാശാല മുന്‍ വൈസ്ചാന്‍സലറും നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റി എഡ്യൂക്കേഷന്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സ് അംഗവുമായ ഡോ. സിറിയക് തോമസ് ചെയര്‍മാനും, എബിവിപി മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. ബി. അശോക് ജനറല്‍ സെക്രട്ടറിയുമായി സ്വാഗതസംഘം രൂപീകരിച്ചു.
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍, എബിവിപി മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ പത്മശ്രീ ഡോ. സി. ഐ. ഐസക്, ഡോ. ജഗദീശന്‍, മുതിര്‍ന്ന അഭിഭാഷകനും എബിവിപി മുന്‍ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന എം. എസ്. കരുണാകരന്‍, മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍, മുന്‍ ചീഫ് വിപ്പ് പി. സി. ജോര്‍ജ്, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രാന്ത സഹകാര്യവാഹകുമായ കെ. ബി. ശ്രീകുമാര്‍, മുതിര്‍ന്ന അഭിഭാഷകനും ആര്‍എസ്എസ് പ്രാന്തകാര്യകാരി സദസ്യനുമായ അഡ്വ. ശങ്കര്‍ റാം എന്നിവര്‍ സ്വാഗതസംഘം രക്ഷാധികാരിമാരാണ്.
വൈസ് ചെയര്‍മാന്മാരായി ഡോ. വിനോദ് (ഭാരത് ഹോസ്പിറ്റല്‍), പ്രഗത്ഭ ജനറല്‍ സര്‍ജന്‍ ഡോ. ഇ. പി. കൃഷ്ണന്‍ നമ്പൂതിരി, റിട്ട. പ്രൊഫസറും ബാലഗോകുലം ദക്ഷിണ കേരളം സംസ്ഥാന അധ്യക്ഷനുമായ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍, ബിഎംഎസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍, കേന്ദ്ര ഫിലിം ബോര്‍ഡ് മെമ്പറും തപസ്യ സംസ്ഥാന സെക്രട്ടറിയുമായ പി. ജി. ഗോപാലകൃഷ്ണന്‍, സംസ്‌കൃത സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം ഡോ. വിനീത്, മുന്‍ റബ്ബര്‍ ബോര്‍ഡ് അംഗം എന്‍. ഹരി, അഭിഭാഷക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷ അഡ്വ. സേതുലക്ഷ്മി, ബിജെപി ജില്ലാ അധ്യക്ഷന്‍ ലിജിന്‍ ലാല്‍ എന്നിവരെയും തെരഞ്ഞെടുത്തു.