
സംഗീത സംവിധായകൻ എ.ആർ. റഹ്മാനെതിരെ നടി കങ്കണ റണൗട്ട്. താൻ സംവിധാനംചെയ്ത ചിത്രമായ ‘എമർജൻസി’ ഒരു പ്രൊപ്പഗാണ്ട സിനിമയാണെന്ന് ആരോപിച്ച് റഹ്മാൻ തന്നെ കാണാൻ പോലും കൂട്ടാക്കിയില്ലെന്ന് കങ്കണ വെളിപ്പെടുത്തി. റഹ്മാനെപ്പോലെ ഇത്രയും വിദ്വേഷം നിറഞ്ഞ മറ്റൊരാളെ താൻ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് കങ്കണ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു.
‘ഛാവ’ എന്ന ചിത്രം വിഭജനമുണ്ടാക്കുന്ന ഒന്നാണെന്നും അത്തരം വിഭജനങ്ങളെ സിനിമ മുതലെടുക്കുകയാണെന്നും ബി.ബി.സി ഏഷ്യൻ നെറ്റ്‌വർക്കിന് നൽകിയ അഭിമുഖത്തിൽ റഹ്മാൻ പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിച്ച കങ്കണ, താൻ കാവി പാർട്ടിയെ പിന്തുണയ്‌ക്കുന്നതിനാൽ സിനിമാ വ്യവസായത്തിൽ വിവേചനം നേരിടുന്നുണ്ടെന്നും, എന്നാൽ റഹ്മാനെപ്പോലെ വിദ്വേഷമുള്ള ഒരാളെ കണ്ടിട്ടില്ലെന്നും കങ്കണ പറഞ്ഞു.
“എന്റെ സംവിധാനത്തിലുള്ള ‘എമർജൻസി’ എന്ന ചിത്രത്തിൽ നിങ്ങളെ ഉൾപ്പെടുത്താൻ ഞാൻ വളരെയധികം ആഗ്രഹിച്ചിരുന്നു. കഥ പറയാൻ വിസമ്മതിക്കുക മാത്രമല്ല, എന്നെ കാണാൻ പോലും നിങ്ങൾ വിസമ്മതിച്ചു. ഒരു പ്രൊപ്പഗാണ്ട സിനിമയുടെ ഭാഗമാകാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് ഞാൻ കേട്ടു. വിരോധാഭാസമെന്നുപറയട്ടേ, ‘എമർജൻസി’യെ എല്ലാ നിരൂപകരും ഒരു മികച്ച സൃഷ്ടിയായി വിലയിരുത്തി. പ്രതിപക്ഷ പാർട്ടി നേതാക്കൾ പോലും അഭിനന്ദനമറിയിച്ച് എനിക്ക് കത്തുകളയച്ചു. എന്നാൽ നിങ്ങളുടെ വിദ്വേഷം നിങ്ങളെ അന്ധമാക്കിയിരിക്കുന്നു. നിങ്ങളെക്കുറിച്ച് എനിക്ക് ഖേദമുണ്ട്”. കങ്കണ കുറിച്ചു.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതവും 1975 മുതൽ 1977 വരെയുള്ള അടിയന്തരാവസ്ഥ കാലഘട്ടവുമാണ് ‘എമർജൻസി’ എന്ന ചിത്രത്തിന്റെ പ്രമേയം.