ഖലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ എതിര്‍പ്പറിയിച്ച് ഇന്ത്യ. കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയോടാണ് ഇന്ത്യ എതിര്‍പ്പ് അറിയിച്ചത്.
ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടന്നതെന്നും ഇന്ത്യയും കാനഡയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ഇത്തരം നടപടികള്‍ ബാധിക്കുമെന്നും വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ പറഞ്ഞു.
2023 ജൂണ്‍ 18 നാണ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണത്തെ ഇന്ത്യ തള്ളിക്കളഞ്ഞിരുന്നു. കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് നിജ്ജര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടില്‍ നിന്നും പിടിയിലായ ഇവര്‍ മൂന്ന് പേരും ഇന്ത്യന്‍ പൗരന്മാരാണ്.
അതേസമയം ഈ ആരോപണം ഇന്ത്യ – കാനഡ ബന്ധത്തെ ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ കൊലപാതകത്തില്‍ അമിത് ഷാക്ക് പങ്കുണ്ടെന്ന ആരോപണം വീണ്ടും ഉയരുകയായിരുന്നു. കാനഡയിലുള്ള സിഖ് വിഘടനവാദികളെ ലക്ഷ്യംവെച്ചുള്ള നീക്കങ്ങള്‍ക്ക് പിന്നില്‍ അമിത് ഷായാണെന്നാണ് ആരോപണം ഉയര്‍ന്നത്.