• Wed. May 14th, 2025

24×7 Live News

Apdin News

എയ്ഡഡ് മേഖലയില്‍ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിക്കണം; പി.എം.എ സലാം

Byadmin

May 14, 2025


എയ്ഡഡ് മേഖലയില്‍ ഒ.ബി.സി വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് പ്ലസ് വണ്‍ സീറ്റുകള്‍ ഭൂരിപക്ഷവും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്. എന്നാല്‍ ഈ സ്ഥാപനങ്ങളില്‍ ഒ.ബി.സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പ്രവേശനത്തില്‍ സംവരണം അനുവദിക്കുന്നില്ല. ഇത് കാരണം നിരവധി ഒ ബി സി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഇഷ്ടപ്പെട്ട സയന്‍സ് വിഷയങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്നില്ല. പലരുടെയും ഉന്നത വിദ്യാഭ്യാസം ഇത് മൂലം തടസ്സപ്പെടുകയാണ്. സംവരണം അനുവദിക്കാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കെ പി സി ആര്‍ പ്രകാരമുള്ള ഫീസാനുകൂല്യങ്ങള്‍ അനുവദിക്കാന്‍ പാടില്ല എന്ന വ്യവസ്ഥയുണ്ട്. എന്നിട്ടും നിയമവിരുദ്ധമായി അവിടെ ഈ ആനുകൂല്യങ്ങള്‍ അനുവദിക്കുന്നുണ്ട്.- പി.എം.എ സലാം പറഞ്ഞു.

എയ്ഡഡ് സ്ഥാപനങ്ങളിലും ഒ ബി സി വിഭാഗത്തിന് പ്രവേശനത്തില്‍ സംവരണം അനുവദിക്കണമെന്നും നിരവധി നിവേദനങ്ങള്‍ സര്‍ക്കാരുകള്‍ക്കു മുമ്പില്‍ ഉണ്ട്. അതിനൊരു പരിഹാരം ഇതുവരെ ഉണ്ടായിട്ടില്ല. പിന്നോക്ക സമുദായ സംഘടനകളും നേതാക്കളും വിദ്യാര്‍ത്ഥികളും രക്ഷകര്‍ത്താക്കളും ഈ പ്രശ്നത്തെ ഗൗരവപൂര്‍വ്വം കാണുകയും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്നോക്ക വിഭാഗ (ഓ ബി സി) വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനത്തില്‍ അടിയന്തിരമായി സംവരണം ഉറപ്പാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്യുന്നു.- അദ്ദേഹം പറഞ്ഞു.

By admin