• Sat. Mar 22nd, 2025

24×7 Live News

Apdin News

എയ്ഡഡ് സ്കൂളുകളിൽ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ പുറത്താക്കുമെന്ന് മുന്നറിയിപ്പ് – Chandrika Daily

Byadmin

Mar 22, 2025


എയ്ഡഡ് സ്‌കൂളുകളില്‍ നിന്ന് കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) യോഗ്യതയില്ലാത്ത അധ്യാപകരെ ഒഴിവാക്കുമെന്ന് മുന്നറിയിപ്പ് നല്‍കി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളില്‍ കെ-ടെറ്റ് ഇല്ലാത്ത അധ്യാപകരെ നിയമിച്ച മാനേജര്‍മാരെ അയോഗ്യരാക്കുമെന്നും മുന്നറിയിപ്പുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സര്‍ക്കാര്‍ ഉത്തരവുകള്‍ പാലിക്കാതെയും ചട്ടവിരുദ്ധമായും യോഗ്യതയില്ലാത്ത അധ്യാപകരെ നിയമിക്കുകയും സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യുന്ന മാനേജര്‍മാരെ അയോഗ്യരാക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് എസ്. ഷാനവാസ് നിര്‍ദേശിച്ചു.

2019-20 അധ്യയനവര്‍ഷത്തില്‍ കെ-ടെറ്റ് യോഗ്യതയുള്ളവരെ മാത്രമേ അധ്യാപകരായി നിയമിക്കാവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കെ.-ടെറ്റ് ഉള്ളവര്‍ക്ക് മാത്രമേ സ്ഥാനക്കയറ്റം നല്‍കാവൂവെന്നും ഉത്തരവിട്ടിരുന്നു.

എന്നാല്‍ ഈ ഉത്തരവുകള്‍ ലംഘിച്ച് നിരവധി എയ്ഡഡ് സ്‌കൂളുകളിലെ മാനേജ്‌മെന്റുകള്‍ അധ്യാപകനിയമനം നടത്തിയെന്ന് പിന്നീട് കണ്ടെത്തിയിരുന്നു. നിലവിലെ തീരുമാനം അനുസരിച്ച് ഇതിനോടകം എയ്ഡഡ് സ്‌കൂളുകളില്‍ സ്ഥാനക്കയറ്റം ലഭിച്ചവര്‍ക്ക് അവര്‍ കെ-ടെറ്റ് എന്നാണോ പാസാകുന്നത് ആ തീയതി മുതല്‍ മാത്രമേ സ്ഥാനക്കയറ്റം നല്‍കാന്‍ സാധിക്കുകയുള്ളു.

ഇത്തരം അട്ടിമറികള്‍ കാരണം യോഗ്യതയുള്ള അധ്യാപകരാല്‍ പഠിപ്പിക്കപ്പെടാനുള്ള കുട്ടികളുടെ അവകാശം ലംഘിക്കപ്പെടുന്നതായും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു. അക്കാരണത്താല്‍ കെ-ടെറ്റ് ഇല്ലാത്തവരെ ഉടന്‍ സര്‍വീസില്‍ നിന്നൊഴിവാക്കാനും ചട്ടവിരുദ്ധമായ സ്ഥാനക്കയറ്റങ്ങള്‍ റദ്ദാക്കാനുമാണ് വിദ്യാഭ്യാസ ബോര്‍ഡിന്റെ തീരുമാനം.

2011ല്‍ കേരള വിദ്യാഭ്യാസ അവകാശ ചട്ടങ്ങള്‍ നിലവില്‍ വന്നതോടെ കെ-ടെറ്റ് യോഗ്യത നേടാനുള്ള സമയപരിധി അഞ്ചുവര്‍ഷമായിരുന്നു. അതായത് എയ്ഡഡ് സ്‌കൂളുകളില്‍ 2012 ജൂണ്‍ ഒന്ന് മുതല്‍ 2019-20 അധ്യയനവര്‍ഷം വരെ നിയമിതരായ അധ്യാപകരില്‍ കെ-ടെറ്റ് ഇല്ലാത്തവര്‍ക്ക് അത് നേടാന്‍ 2020-21 അധ്യയനവര്‍ഷം വരെ സമയം ലഭിച്ചിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ അവസാന അവസരം എന്ന നിലയില്‍ പൊതുവിദ്യാഭ്യാസ ബോര്‍ഡ് പ്രത്യേകമായി പരീക്ഷയും നടത്തി. തുടര്‍ന്ന് കെ-ടെറ്റ് നേടാന്‍ കഴിയാത്ത അധ്യാപകര്‍ക്ക് 10 ഓളം അവസരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഡയറക്ടര്‍ പറയുന്നു. എന്നാല്‍ ഇത്തരത്തിലുള്ള അവസരങ്ങള്‍ ലഭ്യമാക്കിയിട്ടും ചട്ടങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്നത് നടപടിക്ക് വിധേയമാക്കേണ്ട വിഷയങ്ങളാണെന്നും ഡയറക്ടര്‍ പറഞ്ഞു.



By admin