എറണാകുളത്ത് സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയതിന് വിദ്യാര്‍ഥിനിയെ ക്ലാസില്‍നിന്ന് പുറത്താക്കിയതായി പരാതി. പള്ളുരുത്തി നമ്പ്യാപുരം സ്വദേശി അനസിന്റെ മകള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹന ഫാത്തിമയെ ക്ലാസില്‍ കയറ്റിയില്ലെന്നാണ് പരാതി. പള്ളുരുത്തി സെന്റ് റീത്താസ് പബഌക് സ്‌കൂളിലാണ് സംഭവം.
കുറച്ച് ദിവസങ്ങളായി സ്‌കൂളില്‍ മുസ്ലിം കുട്ടികള്‍ തട്ടം ധരിച്ചെത്താന്‍ പാടില്ലെന്ന് നിര്‍ദേശിച്ചിരുന്നു. തുടര്‍ന്ന് മകളെ ഒരു മണിക്കൂറോളം ക്ലാസിന് പുറത്ത് നിര്‍ത്തുകയും മറ്റ് കുട്ടികളുടെ മുമ്പില്‍ പരിഹസിക്കുകയും ചെയ്തതായി വിദ്യഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പിതാവ് പറയുന്നു. ഈ വര്‍ഷമാണ് കുട്ടി സ്‌കൂളില്‍ പ്രവേശനം നേടിയത്. മാതാപിതാക്കള്‍ കഴിഞ്ഞദിവസം സ്‌കൂളില്‍ എത്തി പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടപ്പോള്‍ സ്‌കൂളിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയില്ലെങ്കില്‍ ടി.സി വാങ്ങി പോകാമെന്നായിരുന്നു മറുപടിയെന്ന് പരാതിയില്‍ ആരോപിക്കുന്നു.
എന്നാല്‍, സ്‌കൂളിലെ യൂനിഫോം കോഡ് എല്ലാവര്‍ക്കും ബാധകമാണെന്നും ഇക്കാര്യം പ്രവേശന സമയത്ത് തന്നെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയതാണെന്നും സ്‌കൂള്‍ അധികൃതരും പി.ടി.എ ഭാരവാഹികളും വ്യക്തമാക്കി. സംഭവത്തില്‍ അധ്യാപകരും അനധ്യാപകരും മാനസിക സമര്‍ദത്താല്‍ അവധിയെടുത്തതിനാല്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളിന് അവധി നല്‍കി.