
കോട്ടയം: മുന്നണി മാറ്റം ഉണ്ടാവില്ലെന്ന് ജോസ് കെ. മാണിക്ക് മാധ്യമപ്രവര്‍ത്തകരെ വിളിച്ചു കൂട്ടി പ്രഖ്യാപിക്കേണ്ടിവന്നത് പിളര്‍പ്പ് ഒഴിവാക്കാനെന്ന് സൂചന. ജോസ് കെ. മാണി യു. ഡി എഫിലേക്കു പോകുന്ന പക്ഷം കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തെ പിളര്‍ത്താനുള്ള കരുനീക്കത്തിലാണ് സിപിഎം കേന്ദ്രങ്ങള്‍. കാഞ്ഞിരപ്പള്ളി എം.എല്‍.എ ജയരാജിനെ മുന്നില്‍ നിറുത്തിയുടെ ഒരു പിളര്‍പ്പാണ് സിപിഎം. ലക്ഷ്യമിടുന്നത്. ഈ സാഹചര്യത്തിലാണ് പാര്‍ട്ടി വിടില്ലെന്ന് ജോസ് കെ. മാണിക്ക് പറയേണ്ടിവന്നത്. മുന്നണി മാറാന്‍ ജോസ് കെ. മാണിയും റോഷി അഗസ്റ്റിനും അടക്കമുള്ളവര്‍ മാനസികമായി തയ്യാറാണ് . പാലാ നഗരസഭ പോലും കൈവിട്ടു പോയ പശ്ചാത്തലത്തില്‍ സംസ്ഥാന ഭരണത്തിന്‌റെ ഭാഗമല്ലാതെ ഇനിയൊരു അഞ്ചു വര്‍ഷം തള്ളി നീക്കുക പാര്‍ട്ടിക്ക് ദുഷ്‌കരമാണ്. എല്‍. ഡി. എഫിന് അധികാരം നഷ്ടപ്പെടുന്ന പക്ഷം അവിടെ തുടരുന്നത് ആത്മഹത്യാ പരമാണെന്ന് പാര്‍ട്ടി കരുതുന്നു. എന്നാല്‍ പിളര്‍പ്പ് ഒഴിവാക്കാന്‍ ഇടതു മുന്നണിയില്‍ തുടരുകയല്ലാതെ മറ്റു മാര്‍ഗം പാര്‍ട്ടി കാണുന്നുമില്ല.