
കുഞ്ഞന്‍ ടീമുകള്‍ക്കെതിരെ ആവേശപൂര്‍വ്വം തുടങ്ങി, പിന്നെ ദക്ഷിണാഫ്രിക്കയോടൊരു വമ്പന്‍ തോല്‍വി. അതോടെ പുറത്തേക്കുള്ള വഴി വരെ കണ്ടതാണ്. അവിടെ നിന്നും പിന്നെ ഒരൊറ്റ കുതിപ്പായിരുന്നില്ല, പകരം മെല്ലെ മെല്ലെ പാടുപെട്ട് വിജയങ്ങള്‍ കൊയ്ത് സെമിയില്‍ കടന്നു. ഇംഗ്ലണ്ടിന്റെ വമ്പിനെ പോരാട്ടവീര്യത്തോടെ കൊമ്പുകുത്തിച്ചു കലാശപ്പോരിലേക്ക് പാസെടുത്തു. കലാശപ്പോരില്‍ സര്‍വ്വ സന്നാഹവുമായെത്തിയ കരുത്തന്‍ കിവീസിനെ അടപടലം പൂട്ടുന്ന ഉജ്ജ്വല കാഴ്‌ച്ചവിരുന്നാണ് കണ്ടത്. ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് ഭാരതത്തിന് മൂന്നാം ടി-20 കിരീടം.
ഭൂതങ്ങളെ മല്ലടിച്ചു തോല്‍പ്പിച്ച വിജയം
ഫൈനലിലെത്തുമ്പോള്‍ ഭാരതത്തെ ഓര്‍മിപ്പിച്ചത് രണ്ട് ഭൂതകാല ദുരനുഭവങ്ങളായിരുന്നു. ഒന്ന് 2000ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനോടേറ്റ പരാജയം. അതിന് മുമ്പുള്ള നോക്കൗട്ട് ഘട്ടങ്ങളില്‍ ദക്ഷിണാഫ്രിക്കയെയും ഓസ്‌ട്രേലിയയെയുമെല്ലാം തോല്‍പ്പിച്ചാണ് ഭാരതം ഫൈനലിലെത്തിയത്. പക്ഷെ ഒടുവില്‍ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങേണ്ടിവന്നു. പത്താം ട്വന്റി20 ലോകകപ്പിലും ഭാരതത്തിന്റെ എതിരാളികള്‍ ന്യൂസിലന്‍ഡ്, ആ പഴയ ഓര്‍മ ഭാരത ടീമിനെയല്ലെങ്കിലും ആരാധകരില്‍ ഒരു നല്ല പക്ഷം ആളുകളെയും വേവലാതിപ്പെടുത്തുന്നുണ്ടായിരുന്നു. മറ്റൊരു പൂര്‍വ്വകാല സംഭവം മൂന്ന് വര്‍ഷം മുമ്പ് 2023 ഏകദിന ലോകകപ്പ് ഫൈനലില്‍ ഇതേ അഹമ്മദാബാദ് സ്റ്റേഡിയത്തിലേറ്റ തോല്‍വിയാണ്. സെമിവരെ ഭാരതത്തിനൊത്ത എതിരാളികളില്ലെന്ന തരത്തിലായിരുന്നു മുന്നേറ്റം. പക്ഷെ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് മുന്നില്‍ ആറ് വിക്കറ്റിന് നിരുപാധികം കീഴടങ്ങുന്ന ഭാരത ടീമിനെയാണ് കണ്ടത്. ഭൂതകാലത്തിലെ രണ്ട് പ്രധാന ഫൈനലുകളിലും ഭാരതത്തിന് തെറ്റായ അനുഭവമായിരുന്നു. ഒരുതവണ തോല്‍പ്പിച്ച എതിരാളികളും മറ്റൊരു തവണ തോല്‍വി നേരിട്ട അഹമ്മദാബാദ് എന്ന വേദിയിലുമായിരുന്നു ഇത്തവണത്തെ ഫൈനല്‍. അതിനാല്‍ ആരാധകരും ടീമും കളിക്ക് മുമ്പേ അമിത ആത്മവിശ്വാസത്തിലും അതിരു കടന്ന ആഹ്ലാദത്തിലുമായിരുന്നില്ല. വാസ്തവം പറഞ്ഞാല്‍ ഓരോ ഭാരതീയനും ആശ്വസിച്ചത് 12.5-ാം ഓവറില്‍ ഡാരില്‍ മിച്ചല്‍ പുറത്താകുമ്പോഴായിരുന്നു. അപ്പോള്‍ കിവീസ് സ്‌കോര്‍ 124 റണ്‍സില്‍ എത്തിയിരുന്നു. പിന്നീട് ആശ്വസിക്കാവുന്ന ഒരു നിലയിലായി. ഡെത്ത് ഓവറിന്റെ തുടക്കത്തിലേ ജസ്പ്രീത് ബുംറയുടെ മാസ്മരിക ഓവര്‍ കൂടിയായതോടെ ഭൂതകാല ദുരനുഭവങ്ങള്‍ക്ക് വിട പറയാനുള്ള പ്രഖ്യാപനമായി.
പോരായ്‌മകളെ അറിഞ്ഞു നേരിട്ടു
ലോകപ്പ് തുടങ്ങുമ്പോള്‍ ഫേവറിറ്റുകളാണോ ഭാരതം എന്ന് ചോദിച്ചാല്‍ ആണ് എന്നും എന്നാല്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് ടീമുകളിലെ സന്നാഹങ്ങളും ഓരോ ഡിപ്പാര്‍ട്ട്‌മെന്റും ഇഴകീറി പരിശോധിച്ചാല്‍ ബാറ്റിങ് ലൈനപ്പിന്റെ ഭദ്രത ഒഴികെ ഭാരതത്തിന് കരുതലായുണ്ടായിരുന്നത് ഒരേയൊരു ബുംറ മാത്രം. സൂപ്പര്‍ 8ല്‍ ദക്ഷിണാഫ്രിക്കയോടേറ്റ തോല്‍വി ഭാരതത്തിന്റെ ഓരോ കുറവുകളെയും വ്യക്തമായി അറിയിച്ചു, ആശങ്കപ്പെടുത്തി. പിന്നീടുള്ള ഭാരതത്തിന്റെ കുതിപ്പിന് ഇന്ധനമായത് ഈ തോല്‍വിയായിരുന്നു. സൂപ്പര്‍ 8ല്‍ രണ്ടാം മത്സരത്തില്‍ സിംബാബ്വെയ്‌ക്കെതിരെ ഇറങ്ങുമ്പോള്‍ വീണ്ടും പഴയകാല ഓര്‍മകളിലേക്ക് കൊണ്ടുപോയി. 1999 ഏകദിന ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റു. ഭാരതത്തെക്കാല്‍ കരുത്തന്‍ ടീം സ്വാഭാവികം എന്ന് വിലയുരത്തി. രണ്ടാം മത്സരത്തില്‍ ക്ഷീണം തീര്‍ക്കാമെന്ന് ആത്മവിശ്വാസത്തോടെ കാത്തിരുന്നു. എതിരാളികള്‍ സിംബാബ്വെ ആയിരുന്നു. കളി തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ ആ വാര്‍ത്തയെത്തി സച്ചന്‍ കളിക്കിറങ്ങില്ല, അച്ഛന്‍ മരിച്ചതിനാല്‍ നാട്ടിലേക്ക് മടങ്ങുകയാണ്. സച്ചിനില്ലെങ്കിലും ഒന്നും സംഭവിക്കില്ല, സിംബാബ്വെ അല്ലേ എന്ന മട്ടില്‍ എല്ലാവരും കളി കാണാന്‍ കാത്തിരുന്നു. പക്ഷെ മത്സരം തോറ്റു ഭാരതം ആദ്യ റൗണ്ട് പോലും കടക്കില്ലെന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയ സംഭവമാണ് ഓര്‍മയിലേക്ക് ഇടിത്തീയായി ഇരച്ചെത്തിയത്. അന്നത്തെ ആ ഓര്‍മകളും മായിച്ച് ഭാരതം സിംബാബ്വെയെ അതിജീവിച്ചു. മൂന്നാം സൂപ്പര്‍ 8 പോരാട്ടത്തില്‍ വിന്‍ഡീസ് ഏത് കളിയിലും ഏത് വേദിയിലും ഏത് എതിരാളികളെയും ഏത് പ്രതികൂല സാഹചര്യത്തിലും വീഴ്‌ത്താന്‍ പാകിസ്ഥാനെ പോലെ കരുത്തുള്ളൊരു പാരമ്പര്യമുള്ള ടീം ആണ് വിന്‍ഡീസ്. 2016ല്‍ ഭാരതം ആതിഥ്യമരുളിയ ട്വന്റി20 ലോകകപ്പില്‍ സാക്ഷാല്‍ എം.എസ്. ധോണിക്ക് കീഴിലുള്ള ടീമിനെ ഡാരെന്‍ സമിയുടെ വിന്‍ഡീസ് തകര്‍ത്തു മുന്നേറി. അക്കൊല്ലം വിന്‍ഡീസ് കപ്പുയര്‍ത്തുകയും ചെയ്തു. അവിടം മുതലാണ് ഭാരതത്തിന്റെ വിജയ ശില്‍പ്പിയായി സഞ്ജു സാസംണ്‍ നിറഞ്ഞാടാന്‍ തുടങ്ങിയത്. ഒന്നല്ല പിന്നീട് ഭാരത നായകന്‍ സൂര്യകുമാര്‍ യാദവ് കപ്പ് കൈയ്യിലേന്തും വരെ സഞ്ജുവിന്റെ ആ ബാറ്റിങ് കരുത്ത് തുടര്‍ന്നു.
എല്ലാം ഉള്‍ക്കൊള്ളുന്ന ഭാരതീയം
സ്വയം പോരായ്‌മകള്‍ തിരിച്ചറിയുന്നിടത്ത് കരുത്താര്‍ജിക്കല്‍ ആരംഭിക്കുന്നു, അവിടെ വിജയം നിത്യതയായി മാറുന്നു- ലോകത്തിന് മുന്നില്‍ എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്ന ശൂന്യതയുടെ മഹത്വവും സ്വയം വീണ്ടുവിചാരത്തിന്റെയും മാതൃക അറിയിക്കുന്ന ഭാരതീയ ചിന്താധാരയുടെ പകര്‍ന്നാട്ടമായിട്ടുകൂടിയാണ് ഈ ലോക ക്രിക്കറ്റ് പൂരം പര്യവസാനിച്ചത്. ഭാരത ടീമില്‍ അണിചേര്‍ന്ന മിക്കവാറും താരങ്ങള്‍ക്കും അവസരം നല്‍കാന്‍ സാധിച്ചു. ഒന്നിനും സാധിക്കില്ലെന്ന് കരുതി മാറ്റിനിര്‍ത്തിയ സഞ്ജുവിനും അവസരം നല്‍കി. അത് വലിയ നേട്ടത്തിന്റെ പടിവാതിലായി ഭവിക്കുകയും ചെയ്തു. ഓരോ ഏതിരാളികള്‍ക്കെതിരെ കളിക്കുമ്പോഴും ഭാരത ടീമിന് സ്വയം തിരിച്ചറിയാന്‍ സാധിക്കുന്നുണ്ടായിരുന്നു ഏതൊക്കെ വിഭാഗങ്ങളില്‍ എന്തെല്ലാം കുറവുകളുണ്ടെന്ന്. അതിനനുസരിച്ച് പദ്ധതി നടപ്പാക്കിയാണ് ഭാരതം മുന്നോട്ട് നീങ്ങിയത്.
ഉത്തരമില്ലാത്തൊരു ചോദ്യം വീണ്ടും
ക്രിക്കറ്റ് ഉണ്ടായ കാലം മുതല്‍ ഉയരുന്ന ചോദ്യമാണ് സ്‌കോര്‍ പിന്തുടരലാണോ പ്രതിരോധിക്കലാണോ കൂടുതല്‍ ദുഷ്‌കരം. ഇതിനൊരു മറുപടി നല്‍കുക അസാധ്യം. ഏത് വിഷയത്തിലുമെന്ന പോലെ ഇക്കാര്യത്തിലും രണ്ട് പക്ഷം ചേരാനും ആളുകളുണ്ട്. പാകിസ്ഥാന്റെ ഇതിഹാസ താരം വഖാര്‍ യൂനിസ് പറഞ്ഞൊരു വാചകമാണ് ഇവിടെ മുഖവിലയ്‌ക്കെടുക്കേണ്ടിവരിക. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം ഭാരതവും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങള്‍ പുനരാരംഭിച്ച കാലത്ത് കരിയറിനോട് വിട പറഞ്ഞ വഖാര്‍ പറഞ്ഞ വാചകമിങ്ങനെയാണ്. ബാറ്റര്‍ എത്ര വലിയ കരുത്തനായാലും മികച്ചൊരു ബൗളിങ്ങിലൂടെ പുറത്താക്കാന്‍ വരെ സാധിച്ചേക്കും അതൊരു പക്ഷെ മത്സരത്തെ നിര്‍ണയിക്കുന്ന പന്ത് ആയേക്കാം. സ്‌കോര്‍ പിന്തുടരാന്‍ ആത്മവിശ്വാസം കാട്ടുമ്പോള്‍ കരുതിയിരിക്കേണ്ട ഏറ്റവും വലിയ ഉപദേശം കൂടിയായി മാറുകയാണ് വഖാറിന്റെ ഈ അഭിപ്രായപ്രകടനം. 2003ല്‍ ഇതിഹാസ ബാറ്റിങ് നിരയായ സച്ചിന്‍, ഗാംഗുലി, സേവാഗ്, ലക്ഷ്മണ്‍, രാഹുല്‍ ദ്രാവിഡ് എന്നിവരടങ്ങുന്ന ബാറ്റിങ്ങിനെതിരെ ഷുഹൈബ് അക്തറിന്റെ നേതൃത്വത്തിലുള്ള പാക് നിരയ്‌ക്കുള്ള വഖാറിന്റെ ഉപദേശമായിരുന്നു അത്. എങ്കിലും പിച്ചിന്റെ ഗതിയും അന്തരീക്ഷത്തിന്റെ അവസ്ഥയും അനുസരിച്ച് ഈ ഉപദേശം വലിയ അബദ്ധവുമായേക്കാം. അതിന്റെ ഉദാഹരണമാണ് 2023ലെ ഏകദിന ലോകകപ്പ് ഫൈനല്‍.