കോട്ടയം: വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ ജില്ലാ കളക്ടര്‍ ജോണ്‍ വി. സാമുവലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിലനിലവാര അവലോകന യോഗം തീരുമാനിച്ചു. അമിത വില ഈടാക്കുന്നത് തടയും. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായി സംയുക്ത സ്‌ക്വാഡ് രൂപീകരിച്ചു. സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, കൃഷി , ഭക്ഷ്യ സുരക്ഷ, പോലീസ് എന്നീ വകുപ്പു മേധാവികളുടെ നേതൃത്വത്തിലാണ് ജില്ലാതല സ്‌ക്വാഡ് പ്രവര്‍ത്തിക്കുക. ജനുവരി 20നു മുന്‍പ് എല്ലാ വ്യാപാര സ്ഥാപനങ്ങളും മുഴുവന്‍ ഉത്പന്നങ്ങളുടെയും വില പ്രദര്‍ശിപ്പിക്കണം. അല്ലാത്തവര്‍ക്കെതിരേ നടപടിയെടുക്കും.
സംയുക്ത സ്‌ക്വാഡ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തും. താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ താലൂക്കുതലത്തിലും പ്രത്യേക പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഒരേ ഉത്പന്നത്തിനു തന്നെ പല കടകളിലും പല വില ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.