
തിരുവനന്തപുരം: ചരക്ക് സേവന നികുതി വകുപ്പ് സംഘടിപ്പിക്കുന്ന ജി.എസ്.ടി രജിസ്ട്രേഷന്‍ ഡ്രൈവ് എല്ലാ ജില്ലകളിലും ആരംഭിച്ചു. കൂടുതല്‍ വ്യാപാരികളെ ജി.എസ്.ടി സംവിധാനത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നതിനും ജി.എസ്.ടി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടിയാണിത്.
40 ലക്ഷത്തിന് മേല്‍ വാര്‍ഷിക വിറ്റുവരവുള്ള, ചരക്കുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന വ്യാപാരികളും, ബിസിനസ്സില്‍ സേവനം കൂടി ഉള്‍പ്പെടുന്നുണ്ടെങ്കില്‍ 20 ലക്ഷത്തിന് മേല്‍ വാര്‍ഷിക വിറ്റുവരവുള്ള ബിസിനസ്സുകാരും നിയമപ്രകാരം ജി.എസ്.ടി രജിസ്ട്രേഷന്‍ എടുക്കണം. ഇത് കൂടാതെ ചരക്ക് സേവന നികുതി നിയമം സെക്ഷന്‍ 24 ല്‍ പരാമര്‍ശിച്ചിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍ ഉള്‍പ്പെടുന്ന വ്യാപാരികള്‍ വിറ്റ് വരവ് പരിധി കണക്കാക്കാതെ തന്നെ രജിസ്ട്രേഷന്‍ എടുക്കേണ്ടതാണ്. രജിസ്ട്രേഷന്‍ എടുക്കുന്നത് മൂലം വ്യാപാരത്തിന് നിയമപരമായ അംഗീകാരം ലഭിക്കുന്നതോടൊപ്പം, ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റിനുള്ള അര്‍ഹതയും, വിപണിയില്‍ വളര്‍ച്ചയ്‌ക്കുള്ള വലിയ അവസരങ്ങളും, മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്നു.
പൂര്‍ണ്ണമായും ഓണ്‍ലൈന്‍ സംവിധാനമാണ് ജി.എസ്.ടി രജിസ്ട്രേഷന്‍ എടുക്കുവാനായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. www.gst.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് രജിസ്ട്രേഷനാവശ്യമായ വിവരങ്ങള്‍, ബന്ധപ്പെട്ട രേഖകളുടെ സ്‌കാന്‍ ചെയ്ത പകര്‍പ്പുകള്‍ സഹിതം ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുകയും, അപേക്ഷയില്‍ ആധാര്‍ ഓതെന്റിക്കേഷന്‍ ഓപ്റ്റ് ചെയ്ത് വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്താല്‍ സമയബന്ധിതമായി ജി.എസ്.ടി. രജിസ്ട്രേഷന്‍ ലഭ്യമാകും.