
അജ്മീർ: ഉത്തർപ്രദേശ് മുൻ കാബിനറ്റ് മന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ അസം ഖാൻ ശനിയാഴ്ച ഒരു സുപ്രധാന പ്രസ്താവന നടത്തി. ബീഹാർ തിരഞ്ഞെടുപ്പിലെ എസ്പിയുടെ സ്റ്റാർ പ്രചാരകരിൽ ഒരാളായ അസം ഖാൻ തന്റെ ആരോഗ്യം വഷളായി വരികയാണെന്ന് പറഞ്ഞു. ‘ആദ്യം എന്റെ ആരോഗ്യം ശരിയാകണം, എനിക്ക് സുഖമില്ല.’ – എന്നായിരുന്നു അസം ഖാന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിന് കുറച്ച് സമയം മാത്രം ശേഷിക്കുന്നതിനാൽ അദ്ദേഹം ബീഹാറിൽ പ്രചാരണം നടത്താൻ സാധ്യതയില്ലെന്നാണ് ഈ വാക്കുകളിൽ നിന്നും ലഭിക്കുന്ന സൂചന. എന്തായാലും മുസ്ലീം വോട്ട് കിട്ടാൻ വേണ്ടി അഖിലേഷ് മെനഞ്ഞ തന്ത്രം തത്കാലം പാളിയെന്ന് വേണം കരുതാൻ.
അതേ സമയം കഴിഞ്ഞ കുറച്ച് മാസങ്ങളായി അഖിലേഷ് യാദവിനോട് അസം ഖാന് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇരു നേതാക്കളും ഈ റിപ്പോർട്ടുകൾ തള്ളിക്കളഞ്ഞു. കൂടാതെ സ്റ്റാർ കാമ്പെയ്‌നർമാരുടെ പട്ടികയിൽ അസം ഖാന്റെ പേര് ഉൾപ്പെടുത്തിയതിനെ ബിജെപി പരിഹസിച്ചിരുന്നു. കാരണം അടുത്തിടെയാണ് അദ്ദേഹം ജയിൽ മോചിതനായത്.
അതേ സമയം 2027 ൽ ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന അഖിലേഷ് യാദവിന്റെ പ്രസ്താവനയെക്കുറിച്ചും അസം ഖാൻ പ്രതികരിച്ചു. ദേശീയ പ്രസിഡന്റിന് എന്നെക്കാൾ കൂടുതൽ അനുഭവപരിചയമുണ്ട്. ഞങ്ങൾക്ക് അത്തരമൊരു വാർത്ത ആശ്വാസകരമാണെന്നാണ് മുതിർന്ന നേതാവിന്റെ പ്രതികരണം.
കൂടാതെ മുസ്ലീം വോട്ട് ബാങ്കിനുവേണ്ടിയാണ് തേജസ്വിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കിയതെന്ന ചിരാഗ് പാസ്വാന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് മുസ്ലീങ്ങളെ കടലിൽ എറിയണോ എന്നും അസം ഖാൻ ചോദിച്ചു.