രാജ്യത്തൊട്ടാകെ എസ്‌ഐആര്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണായക വാര്‍ത്താ സമ്മേളനം നാളെ. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ എസ്‌ഐആര്‍ നടപ്പാക്കുന്ന തീയതി നാളെ വൈകീട്ട് നാലേ കാലിന് വിഗ്യാന്‍ ഭവനില്‍ വെച്ച് നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചേക്കും.
കേരളത്തില്‍ വോട്ടര്‍ പട്ടിക പരിഷ്‌കരണ നടപടികള്‍ നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. അതിനാല്‍, എസ്‌ഐആര്‍ നീട്ടി വെക്കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനോട് കേരളം ആവശ്യപ്പെട്ടിരുന്നു. കേരളത്തിന് പുറമേ പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നിവിടങ്ങളിലും എസ്‌ഐആര്‍ നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. നേരത്തെ എസ്‌ഐആറിനെതിരെ കേരളം ഒറ്റക്കെട്ടായി പ്രമേയം പാസാക്കിയിരുന്നു. നിയമസഭയില്‍ ഭരണപക്ഷവും പ്രതിപക്ഷവും പ്രമേയത്തെ പിന്തുണച്ചിരുന്നു.