
തിരുവനന്തപുരം: എസ്ഐആര്‍ പ്രവര്‍ത്തനങ്ങളില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്കും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ രത്തന്‍ ഖേല്‍ക്കര്‍. ജോലിസമ്മര്‍ദ്ദം സംബന്ധിച്ച് ബിഎല്‍ഒമാരുടെ പരാതി വ്യാപകമായ സാഹചര്യത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ഇങ്ങനെ പറഞ്ഞത്.
അര്‍പ്പണബോധത്തോടെയുള്ള ബിഎല്‍ഒമാരുടെ പ്രവര്‍ത്തനഫലമായി 96 ശതമാനം എന്യൂമറേഷന്‍ ഫോമുകളുടെ വിതരണം പൂര്‍ത്തിയായെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു.ശേഷിക്കുന്ന ഘട്ടങ്ങള്‍ സുഗമവും സമയബന്ധിതവുമായി പൂര്‍ത്തിയാക്കാന്‍ പൂരിപ്പിച്ച ഫോമുകള്‍ ശേഖരിക്കുന്നതില്‍ ബിഎല്‍ഒമാര്‍ക്ക് സൗകര്യമൊരുക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ സമഗ്രമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട്. പ്രത്യേക ക്യാമ്പുകള്‍, പ്രാദേശിക ലോജിസ്റ്റിക് പിന്തുണ, നിശ്ചിത സമയപരിധിക്കുള്ളില്‍ ഫോമുകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിന് ബിഎല്‍ഒമാരെ സഹായിക്കുന്നതിന് സാങ്കേതികവും അടിസ്ഥാന സൗകര്യങ്ങളോടു കൂടിയതുമായ കേന്ദ്രങ്ങള്‍ എന്നിവ ഉറപ്പാക്കും.
കൂടുതല്‍ ബൂത്ത് ലെവല്‍ ഏജന്റുമാരെ നാമനിര്‍ദ്ദേശം ചെയ്യാനും വോട്ടര്‍മാരില്‍ നിന്ന് പൂരിപ്പിച്ച ഫോം ശേഖരിക്കുന്നതിനായി സഹായ കേന്ദ്രങ്ങള്‍ സ്ഥാപിക്കാനും അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. എല്ലാ ബൂത്ത് ലെവല്‍ ഓഫിസര്‍മാരുടെയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും നിശ്ചിത സമയപരിധി പ്രകാരം എസ്ഐആര്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നും രത്തന്‍ ഖേല്‍ക്കര്‍ അഭ്യര്‍ഥിച്ചു.