
തിരുവനന്തപുരം: പോലീസിനെ വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥൻ വെടിയുതിർത്ത കാപ്പാ കേസ് പ്രതി കൈരി കിരൺ പിടിയിലായി. കാട്ടാക്കടയിലുള്ള ഒളിത്താവളത്തിൽ നിന്നാണ് ഇയാളെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും പോലീസ് പിടികൂടിയത്.
പ്രതിക്കെതിരെ വധശ്രമം, കാപ്പാ നിയമ ലംഘനം ഉൾപ്പെടെ രണ്ട് പുതിയ കേസുകൾ കൂടി പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതോടെ കൈരി കിരണിന്റെ പേരിൽ നിലവിൽ 12 കേസുകളായി. കാപ്പാ നിയമപ്രകാരം ജില്ലയിൽ പ്രവേശിക്കരുതെന്ന കളക്ടറുടെ ഉത്തരവ് നിലനിൽക്കെ നാട്ടിലെത്തിയ കിരൺ ഇന്നലെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സുഹൃത്തുക്കളോടൊപ്പം കേക്ക് മുറിച്ചത് പോലീസ് കണ്ടെത്തിയിരുന്നു.
ഇതിനെ തുടർന്ന് ഇയാളെ പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു. ഇന്ന് രാവിലെ ആര്യങ്കോട് എസ്.എച്ച്.ഒ തൻസീം അബ്ദുൾ സമദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കിരണിന്റെ വീട് വളയുകയും പിടികൂടാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ, കൈരി കിരൺ വെട്ടുകത്തിയെടുത്ത് വീടിന് പുറത്തേക്ക് വരികയും എസ്.എച്ച്.ഒയെ ഒന്നിലധികം തവണ വെട്ടാൻ ശ്രമിക്കുകയും ചെയ്തു.
എസ്.എച്ച്.ഒ ഒഴിഞ്ഞുമാറിയത് കൊണ്ടാണ് ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്നും, ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് സ്വയരക്ഷയ്‌ക്കായി വെടിയുതിർത്തതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. എസ്.എച്ച്.ഒയുടെ നടപടി സ്വയരക്ഷയ്‌ക്ക് വേണ്ടിയുള്ളതാണെന്ന് ഡി.ഐ.ജി സ്ഥിരീകരിക്കുകയും ചെയ്തു.