
ഇടുക്കി: താന്‍ ബിജെപിയില്‍ ചേരുമെന്ന് സിപിഎം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി തിരുവനന്തപുരത്ത് വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് പാർട്ടി പ്രവേശന കാര്യത്തിൽ അന്തിമ തീരുമാനമായത്. അടുത്ത ഒരു മാസത്തിനുള്ളിൽ മൂന്നാറിൽ വെച്ച് നടക്കുന്ന വിപുലമായ ചടങ്ങിൽ അദ്ദേഹം ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിക്കും.
മൂന്ന് തവണയായി 15 വർഷം സി.പി.എമ്മിന്റെ ദേവികുളം എം.എൽ.എ ആയിരുന്ന രാജേന്ദ്രൻ, ഏറെക്കാലമായി പാർട്ടി നേതൃത്വവുമായി കടുത്ത അകൽച്ചയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന എ. രാജയെ പരാജയപ്പെടുത്താൻ ശ്രമിച്ചുവെന്ന ആരോപണത്തെത്തുടർന്ന് അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞിട്ടും തിരികെ എടുക്കാത്തതിൽ അദ്ദേഹം അതൃപ്തനായിരുന്നു.
വ്യക്തിപരമായ താൽപ്പര്യങ്ങൾക്കല്ല, മറിച്ച് ഇടുക്കി ജില്ലയുടെയും തോട്ടം മേഖലയുടെയും വികസനത്തിന് വേണ്ടിയാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് എസ്. രാജേന്ദ്രൻ വ്യക്തമാക്കി. ബിജെപിയിൽ ചേർന്നാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളത്ത് മത്സരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.