ന്യുഡല്‍ഹി: ഇന്ത്യയുടെ വ്യോമ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യയില്‍ നിന്ന് 10,000 കോടി രൂപയുടെ മിസൈലുകള്‍ വാങ്ങാനുള്ള നീക്കം ആരംഭിച്ചു. എസ്-400 വ്യോമ പ്രതിരോധ സംവിധാനത്തിനായി ആവശ്യമായ മിസൈലുകള്‍ വാങ്ങാനുള്ള പ്രാഥമിക ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ റഷ്യയുമായി തുടങ്ങി. ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ഉള്‍പ്പെടെ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിനിടെ എസ്-400 സംവിധാനത്തിന്റെ സാന്നFധ്യം ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍ണായകമായിരുന്നു. പാകിസ്താന്റെ ആറോളം യുദ്ധവിമാനങ്ങളും ഒരു ചാരവിമാനവും എസ്-400 ഉപയോഗിച്ച് ഇന്ത്യന്‍ സേന തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുടെ അതിര്‍ത്തിയില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയുള്ള പാകിസ്താന്‍ പ്രദേശങ്ങളിലാണ് ഈ പ്രതിരോധ നടപടി നടപ്പിലാക്കിയത്. ഇതോടെ എസ്-400യെ വ്യോമസേന ‘ഗെയിം ചേഞ്ചര്‍’ എന്ന പദവി നല്‍കി വിശേഷിപ്പിച്ചിരുന്നു. പ്രതിരോധ മന്ത്രാലയം വ്യോമസേനയുടെ ഈ നിര്‍ദ്ദേശം ഒക്ടോബര്‍ 23-ന് നടക്കുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തില്‍ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവില്‍ റഷ്യയുമായി 2018-ല്‍ ഒപ്പുവെച്ച കരാറില്‍ ഉള്‍പ്പെട്ട അഞ്ച് എസ്-400 സ്‌ക്വാഡ്രണുകളില്‍ മൂന്നു ഇതിനകം ഇന്ത്യക്കു ലഭിച്ചിട്ടുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധം മൂലമാണ് നാലാമത്തെ സ്‌ക്വാഡ്രണ്‍ വിതരണം വൈകുന്നത്. സര്‍ക്കാര്‍ പുതിയ കരാറിലൂടെ കൂടുതല്‍ സ്‌ക്വാഡ്രണുകള്‍ ചേര്‍ത്ത് എസ്-400 ഇന്‍വെന്ററി വിപുലീകരിക്കാനും എയര്‍-ടു-എയര്‍ മിസൈലുകള്‍ വാങ്ങിയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കാനുമാണ് ശ്രമിക്കുന്നത്. ഇന്ത്യയുടെ എസ്-400 നീക്കം രാജ്യത്തിന്റെ വ്യോമ പ്രതിരോധ തന്ത്രത്തില്‍ മറ്റൊരു വലിയ ചുവടുവയ്പായി വിലയിരുത്തപ്പെടുന്നു.