
ന്യൂദല്‍ഹി: എസ് 500 ആണ് റഷ്യയുടെ ഏറ്റവും കരുത്തുറ്റ വ്യോമപ്രതിരോധസംവിധാനം. ഇതിന് ഹൈപ്പര്‍സോണിക് മിസൈലുകളെ വരെ പിടിക്കാന്‍ കഴിയും. ശബ്ദത്തിന്റെ അഞ്ച് മടങ്ങിനേക്കാള്‍ അധികം വേഗതയില്‍ കുതിക്കുന്ന മിസൈലുകളാണ് ഹൈപ്പര്‍ സോണിക് മിസൈലുകള്‍. താഴ്ന്ന ഭ്രമണപഥങ്ങളിലൂടെ അതിവേഗം മൂളിപ്പറക്കുന്ന ക്രൂയിസ് മിസൈലുകളേയും പിടിക്കാന്‍ എസ് 500ന് സാധിക്കും.
പക്ഷെ ഈ എസ് 500 ഇന്ത്യയ്‌ക്ക് നല്‍കാന്‍ കഴിയാത്തതില്‍ പുടിന് വലിയ വിഷമമുണ്ട്. കാരണം ഉക്രൈനെതിരായ യുദ്ധത്തില്‍ നിരവധി എസ് 500 വ്യോമപ്രതിരോധസംവിധാനങ്ങള്‍ ആവശ്യമാണ്. അത്രയ്‌ക്കും വലിയ ഭീഷണികളിലൂടെയാണ് റഷ്യ കടന്നുപോകുന്നത്. ഇനി 2030 കഴിഞ്ഞാല്‍ മാത്രമേ എസ് 500 ഇന്ത്യയ്‌ക്ക് നല്കാന്‍ റഷ്യയ്‌ക്ക് കഴിയൂ.
പക്ഷെ അതിന് പകരം എസ് 350 എന്ന വ്യോമപ്രതിരോധ സംവിധാനം നല്‍കാന്‍ ഒരുക്കമാണെന്ന് റഷ്യ അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍. ഇത് ഇപ്പോള്‍ ഇന്ത്യയുടെ പക്കലുള്ള സുദര്‍ശന ചക്ര എന്ന ഇന്ത്യ പേരിട്ട് വിളിക്കുന്ന എസ് 400 എന്ന റഷ്യയുടെ തന്നെ വ്യോമപ്രതിരോധ സംവിധാനത്തേക്കാള്‍ ദുര്‍ബലമാണെങ്കിലും സുദര്‍ശനചക്രയ്‌ക്കൊപ്പം എസ് 350 കൂടി ചേര്‍ന്നാല്‍ ഇന്ത്യയ്‌ക്ക് അവരുടെ ആകാശം ഫലപ്രദമായി സംരക്ഷിക്കാന്‍ സാധിക്കുമെന്ന് റഷ്യ നിര്‍ദേശിക്കുന്നു.
മാത്രമല്ല, എസ് 350യുടെ മുഴുവന്‍ സാങ്കേതിക വിദ്യയും ഇന്ത്യയ്‌ക്ക് നല്‍കാനും റഷ്യ ഒരുക്കമാണ്. ഇത് ഇന്ത്യയ്‌ക്ക് സ്വന്തമായി വ്യോമപ്രതിരോധസംവിധാനം നിര്‍മ്മിക്കുന്നതിന് സഹായകരമാകും. ഇന്ത്യയ്‌ക്ക് സുദര്‍ശന ചക്രയ്‌ക്ക് മുര്‍ച്ചകൂട്ടിയുപോലെ സെന്‍സറുകളും എഐയും ഉപയോഗിച്ച് എസ് 350യുടെ കരുത്ത് കൂട്ടാനും കഴിയും. മാത്രമല്ല എസ് 400ന് 400 കിലോമീറ്ററിന് അകലെയുള്ള വന്‍ മിസൈലുകളെയും യുദ്ധവിമാനങ്ങളെയും ആണ് തകര്‍ക്കാന്‍ കഴിയുന്നതെങ്കില്‍ എസ് 350ക്ക് കൂട്ടത്തോടെ ഇരച്ചെത്തുന്ന ഡ്രോണ്‍ സംഘങ്ങളെ ഇല്ലായ്‌മ ചെയ്യാനും ചെറു മിസൈലുകളെ അടിച്ചിടാനും സാധിക്കും. അതായത് എസ് 400 എന്ന സുദര്‍ശന ചക്രയോടൊപ്പം എസ് 350 കൂടി ചേര്‍ന്നാല്‍ വെള്ളം ചോരില്ലെന്നര്‍ത്ഥം.