• Thu. Jan 8th, 2026

24×7 Live News

Apdin News

എൽഡിഎഫും യുഡിഎഫും എതിരാളികളല്ല; ജനങ്ങളെ വിഡ്ഢികളാക്കാൻ വ്യക്തമായ ധാരണയോടെ മുന്നോട്ടുനീങ്ങുന്ന രാഷ്‌ട്രീയ ഇരട്ടകൾ: രാജീവ് ചന്ദ്രശേഖർ

Byadmin

Jan 7, 2026



തിരുവനന്തപുരം: എൽഡിഎഫും യുഡിഎഫും എതിരാളികളല്ലെന്നും ജനങ്ങളെ വിഡ്ഢികളാക്കാൻ വ്യക്തമായ രാഷ്‌ട്രീയ ധാരണയോടെ മുന്നോട്ടുനീങ്ങുന്ന ‘രാഷ്‌ട്രീയ ഇരട്ടകളാണ്’ ഇവരെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ ചരിത്രനേട്ടം അവരെ വിറളിപിടിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വികസിത കേരളമെന്ന കാഴ്ചപ്പാടിലും പ്രവർത്തന മികവിന്റെ രാഷ്‌ട്രീയത്തിലും ജനങ്ങൾ അർപ്പിച്ച വിശ്വാസം ഇരുമുന്നണികളെയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നഗരസഭയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടി ഒന്നാമതെത്തിയത് ബിജെപി ആയിരുന്നു. വോട്ടർമാർ മാറ്റത്തിനായി വോട്ട് ചെയ്ത് ബിജെപിക്കൊപ്പം നിലകൊണ്ടു. പക്ഷേ, എൽഡിഎഫും യുഡിഎഫും തങ്ങളുടെ രാഷ്‌ട്രീയ തനിനിറം തുറന്നുകാട്ടിയിരിക്കുകയാണ്.

സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പിൽ പരസ്പരം കൈകോർത്ത് അവർ ജനവിധിയെ അട്ടിമറിച്ചു. ജനാധിപത്യത്തെ അപമാനിക്കുന്ന നാണംകെട്ട രാഷ്‌ട്രീയമാണിത്.
ഞാൻ ആവർത്തിച്ചു പറയുന്ന ഒരു കാര്യം ഇതിലൂടെ ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. എൽഡിഎഫും യുഡിഎഫും എതിരാളികളല്ല; ജനങ്ങളെ വിഡ്ഢികളാക്കാൻ വ്യക്തമായ രാഷ്‌ട്രീയ ധാരണയോടെ മുന്നോട്ടുനീങ്ങുന്ന ‘രാഷ്‌ട്രീയ ഇരട്ടകളാണ്’ ഇവർ.

എന്തായാലും കോൺഗ്രസ്/മുസ്ലിം ലീഗ് + സിപിഎം അവിശുദ്ധ സഖ്യം ഇപ്പോൾ പൂർണ്ണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. മലയാളികൾ എല്ലാം തിരിച്ചറിയുന്നുണ്ട്.
ഇൻഡി സഖ്യത്തിന്റെ വിശ്വാസവഞ്ചനകൾക്കും അണിയറയിലെ നാണംകെട്ട രഹസ്യധാരണകൾക്കും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ ശക്തമായ മറുപടി നൽകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

By admin