• Sat. Feb 22nd, 2025

24×7 Live News

Apdin News

എ ഐ കെ എം സി സി – എസ് ടി സി എച്ച് സമൂഹ വിവാഹം 23 ന് – Chandrika Daily

Byadmin

Feb 20, 2025


ബംഗ്ലൂരു: എ ഐ കെ എം സി സി – ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റി സംഘടിപ്പിക്കുന്ന ഏഴാമത് സമൂഹ വിവാഹം 23 ഞായറാഴ്ച നടക്കും. ശിവാജി നഗറിലെ ഖുദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയില്‍ പ്രത്യേകം തയ്യാറാക്കിയ യൂസുഫ് ഹാജി (സൗഭാഗ്യ )നഗറില്‍ രാവിലെ 10 മുതലാണ് പരിപാടികള്‍ ആരംഭിക്കുക. ബംഗ്ലൂരു നഗര പരിധിക്ക് പുറത്ത് 150 കിലോമീറ്ററിനുള്ളില്‍ നിന്നും ലഭിച്ച 156 അപേക്ഷകളില്‍ നിന്ന് സര്‍വ്വേ നടത്തി ഏറ്റവും അര്‍ഹരായ 65 ജോഡി വധൂവരന്‍മാര്‍ക്കാണ് ഞായറാഴ്ച മംഗല്യസൗഭാഗ്യമൊരുക്കുന്നത്. ഇതോടെ വൈവാഹിക ജീവിതം സ്വപ്നമായി മാത്രം കണ്ടിരുന്ന 1018 കുടുംബങ്ങളിലെ ആഗ്രഹ സാക്ഷാത്കാരമാണ് എ ഐ കെ എം സി സി – എസ് ടി സി എച്ച് ബംഗലൂരുവിലൂടെ സഫലീകരിക്കപ്പെടുന്നത്.

സമൂഹ വിവാഹത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച ഫുട്‌ബോള്‍ ലീഗ്, ക്രിക്കറ്റ് , കഴിഞ്ഞ സമൂഹ വിവാഹങ്ങളിലെ ദമ്പതികളുടെ സംഗമം എന്നിവ ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു. അനുബന്ധ പരിപാടികള്‍ക്ക്
ഇന്ന് (വെള്ളി) ഖുദൂസ് സാഹിബ് ഈദ് ഗാഹ് മൈതാനിയില്‍ തുടക്കമാവും. രാവിലെ 9.30 ന് എ ഐ കെ എം സി സി ബംഗ്ലൂരു സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ടി ഉസ്മാന്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സ്വാഗത സംഘം ഓഫീസ്, ജനറല്‍ സെക്രട്ടറി എം കെ നൗഷാദ് ഉദ്ഘാടനം ചെയ്യും.നൂറിലധികം കമ്പനികള്‍ പങ്കെടുക്കുന്ന മെഗാ ജോബ് ഫെയറാണ് വെള്ളിയാഴ്ചത്തെ പ്രധാന പരിപാടി. എ എം പി, ജി ടെക്, എം എസ് എഫ് ദേശീയ കമ്മിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നത്. പതിനായിരത്തിലധികം തൊഴിലവസരങ്ങളാണ് വിവിധ കമ്പനികള്‍ ഇതിനായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇത് രണ്ടാം തവണയാണ് സമൂഹ വിവാഹത്തോടനുബന്ധിച്ച് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്.

നഗരത്തിലെ തിരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികള്‍ പങ്കെടുക്കുന്ന ജനെക്‌സ് ബിസിനസ് സമ്മിറ്റ് ശനിയാഴ്ച നടക്കും. രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടക്കുന്ന പരിപാടിയില്‍ ബിസിനസ് രംഗത്തെ നവ പ്രവണതകള്‍, പിടിച്ച് നില്‍ക്കലിന്റെ രസതന്ത്രം, ഉയര്‍ത്തെഴുനേല്‍പ്പിന്റെ പടവുകള്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. നവ സംരംഭകര്‍ക്കും ഉപകാരപ്രദമായ രീതിയിലുള്ള പാനല്‍ ചര്‍ച്ചകള്‍ക്ക് ബിസിനസ് രംഗത്തെ പ്രമുഖര്‍ നേതൃത്വം നല്‍കും.

23 ന് രാവിലെ 10.30 ന് സമൂഹ വിവാഹ പരിപാടികള്‍ ആരംഭിക്കും. 59 പേരുടെ നിക്കാഹ് കര്‍മം പൂര്‍ത്തിയായ ശേഷം പൊതുപരിപാടികള്‍ക്ക് തുടക്കമാവും. കഴിഞ്ഞ ദിവസങ്ങളിലായി വിവാഹിതരായ 6 ഇതര മതസ്ഥരുടെ വിവാഹ സല്‍ക്കാരവും ഇതിന് ശേഷം നടക്കും. പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കും. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയ കാര്യസമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രൊഫ. കെ എം ഖാദര്‍ മൊയ്തീന്‍, പി കെ കുഞ്ഞാലിക്കുട്ടി,കര്‍ണാട മന്ത്രിമാരായ ജി പരമേശ്വര, ആര്‍ രാമലിംഗ റെഡി, കെ ജെ ജോര്‍ജ്, ദിനേശ് ഗുണ്ടുറാവു, സമീര്‍ അഹമ്മദ് ഖാന്‍, റഹീം ഖാന്‍, കൃഷ്ണ ബൈര ഗൗഢ , കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു ടി ഖാദര്‍,എം പി മാരായ ശാഫി പറമ്പില്‍, ഹാരിസ് ബീരാന്‍, എം എല്‍ എ മാരായ എന്‍ എ ഹാരിസ്, റിസ്വാന്‍ അര്‍ഷാദ്, ഉദയ് ബി ഗരുഡാചാര്‍ , വ്യവസായ പ്രമുഖരായ ബി എം ഫാറൂഖ്,സഫാരി സൈനുല്‍ ആബിദ്, താപ്പി അബ്ദുല്ലക്കുട്ടി ഹാജി, കീഴേടത്ത് ഇബ്രാഹിം ഹാജി,അബ്ദുറഹിമാന്‍ രണ്ടത്താണി, പാറക്കല്‍ അബ്ദുല്ല തുടങ്ങി മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംബന്ധിക്കും.

പോണ്ടിച്ചേരി ജിപ്മര്‍ ആശുപതിക്ക് സമീപം സ്ഥാപിക്കുന്ന ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഹ്യുമാനിറ്റിയുടെ പ്രഖ്യാപനം, മടിക്കേരിയില്‍ പുതുതായി ആരംഭിക്കുന്ന എസ് ടി സി എച്ച് പാലിയേറ്റീവ് ഹോകെയര്‍ യൂനിറ്റിന്റെ വാഹന സമര്‍പ്പണം എന്നിവയും ഇതോടനുബന്ധിച്ച് നടക്കും.



By admin