![prime minister](https://i0.wp.com/www.mangalam.com/uploads/thumbs/imagecache/600x361/uploads/news/2025/02/763415/modi.gif?w=640&ssl=1)
പാരീസ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) വിശ്വാസ്യത വര്‍ധിപ്പിക്കാന്‍ ആഗോള ചട്ടക്കൂടിന് രൂപം നല്‍കാന്‍ കൂട്ടായ ശ്രമം ഉണ്ടാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിശ്വാസ്യത, സുതാര്യത, പക്ഷപാതരഹിത സ്വഭാവം എന്നിവ വര്‍ധിക്കണം. രാഷ്ട്രീയം, സമ്പദ്വ്യവസ്ഥ, സുരക്ഷ, സമൂഹം എന്നിവയെ മാറ്റിമറിക്കുന്ന എഐ ഈ നൂറ്റാണ്ടില്‍ മനുഷ്യരാശിക്കുള്ള കോഡ് എഴുതുകയാണെന്നും മോദി പറഞ്ഞു. പാരീസിലെ എഐ ആഗോള ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.
മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന, അപകടസാധ്യതകള്‍ പരിഹരിക്കുന്ന, വിശ്വാസം വളര്‍ത്തിയെടുക്കുന്ന നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും സ്ഥാപിക്കുന്നതിന് കൂട്ടായ ആഗോള ശ്രമങ്ങള്‍ ആവശ്യമാണ്. എഐയുടെ അപകടസാധ്യതകളും മത്സരങ്ങളും കൈകാര്യം ചെയ്യാന്‍ മാത്രമായിരിക്കരുത് ഇത്തരം നിയന്ത്രണങ്ങള്‍. നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ആഗോള നന്മയ്ക്കായി അവ വിന്യസിക്കാനും കഴിയുന്ന തരത്തില്‍ എഐയെ പ്രയോജനപ്പെടുത്താന്‍ സാധിക്കണം’- മോദി പറഞ്ഞു.