
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ സ്വാഭാവിക ജാമ്യം നേടി എട്ടാം പ്രതി എ.പത്മകുമാർ പുറത്തിറങ്ങിയതിൽ അത്ഭുതമൊന്നുമില്ലെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷാധികാരി കെ.പി ശശികല ടീച്ചർ. വർത്തമാനകാലത്ത് മറിച്ചൊന്നും നമ്മൾ പ്രതീക്ഷിക്കേണ്ടെന്നും ടീച്ചർ പറഞ്ഞു. ശബരിമല തീവയ്‌പ്പ് കേസിന്റെ അതേ ദുരനുഭവമാണ് ശബരിമല കൊള്ളക്കേസിലും ഉണ്ടാവാൻ പോകുന്നതെന്നും അവർ പറഞ്ഞു.
ഏത് വിശ്വാസത്തെ ആണോ തകർക്കണമെന്ന് ആഗ്രഹിക്കുന്നത്, അതിന്റെ പൂർത്തികരണമാണ് ശബരിമലയിലെ സ്വർണക്കൊള്ള. വിശ്വാസത്തെയും ക്ഷേത്രത്തെയും തകർക്കുക എന്ന ലക്ഷ്യത്തോടെ കൊള്ള ആസൂത്രണം ചെയ്തു. അവർ തന്നെ കേസ് അന്വേഷിക്കുന്നു. പ്രതികൾ ഏത് ക്രമത്തിലാണോ ജയിലിലേക്ക് പോയത് അതേ ക്രമത്തിൽ അവർ പുറത്തേയ്‌ക്ക് വരുന്നു. അന്വേഷണത്തിൽ ആത്മാർത്ഥത ഉണ്ടെങ്കിൽ ഇങ്ങനെ സംഭവിക്കില്ല.
നീതിയുക്തമല്ലാത്ത, ആത്മർത്ഥതയില്ലാത്ത, കോടതിയുടെ മുന്നിൽ വെറും അഭിനയമായി അന്വേഷണം മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ വിഷയത്തെക്കുറിച്ച് ചർച്ചയുണ്ടാവില്ല. 1950കളിൽ ശബരിമല ക്ഷേത്രം കത്തിച്ചത് സംബന്ധിച്ചുള്ള അന്വേഷണ കമ്മിഷൻ റിപ്പോർട്ട് ഇന്നും അലമാരയിൽ പൊടിപിടിച്ചിരിക്കുകയാണ്. കത്തിച്ചവരിൽ ആർക്കും ഒരു നിയമനടപടിയും നേരിടേണ്ടി വന്നിട്ടില്ല. അതു തന്നെയാണ് ഇപ്പോഴും ഉള്ളത്. ശബരിമലയിൽ വിലപ്പെട്ടതെല്ലാം കൊള്ളയടിച്ച സംഭവത്തിലും മറിച്ചൊന്നും ഒരു ശബരിമല ഭക്തനും ചിന്തിക്കുന്നില്ലെന്നും അവർ പറഞ്ഞു.
തൃപ്രയാർ ക്ഷേത്രത്തിൽ തിടമ്പ് അടക്കം മോഷണം പോയിട്ട് 17 വർഷം കഴിഞ്ഞു. അതേക്കുറിച്ച് ഒരു അന്വേഷണവുമില്ല. ഒരു കള്ളനാണ് ഇത് മോഷ്ടിച്ചതെങ്കിൽ കേരള പോലീസ് തൊണ്ടി സഹിതം കള്ളനെ പിടികൂടുമായിരുന്നു. എന്നാൽ ഉടമസ്ഥൻ തന്നെ ഭരണകൂടത്തിന്റെ സഹായത്തോടെ നടത്തുന്ന മോഷണങ്ങൾ കേരള പോലീസ് അന്വേഷിച്ചാൽ പ്രതികളെ കിട്ടില്ലെന്നും ടീച്ചർ കുറ്റപ്പെടുത്തി.