• Tue. Feb 24th, 2026

24×7 Live News

Apdin News

‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതി; കൊച്ചിയിൽ നിന്നുള്ള മാധ്യമസംഘം ഗോവയിൽ പര്യടനം തുടങ്ങി

Byadmin

Feb 24, 2026



പനാജി: ദേശീയോദ്ഗ്രഥനം ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാരിന്റെ ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ നിന്നുള്ള മാധ്യമസംഘം ഗോവയിലെത്തി. കേരളവും ഗോവയും തമ്മിലുള്ള സാംസ്കാരിക വിനിമയവും വികസന കാഴ്ചപ്പാടുകളും പങ്കുവെക്കുന്നതിനായി സംഘടിപ്പിച്ച നാല് ദിവസത്തെ സന്ദർശനത്തിനായാണ് 13 അംഗ സംഘം എത്തിയത്.

ഗോവയിലെ വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളുടെയും വികസന പദ്ധതികളുടെയും പ്രവർത്തനങ്ങൾ സംഘം നേരിട്ട് വിലയിരുത്തും. കൊച്ചിയിൽ നിന്നുള്ള 13 മാധ്യമപ്രവർത്തകരടങ്ങിയ സംഘമാണ് ഗോവയിൽ എത്തിയിരിക്കുന്നത്. കേന്ദ്ര വാർത്താ വിനിമയ മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ നേതൃത്വത്തിലാണ് സംഘം ഗോവയിലെത്തിയത്. വിമാനത്താവളത്തിൽ പി.ഐ.ബി ഗോവ അധികൃതർ മാധ്യമസംഘത്തെ സ്വീകരിച്ചു.

ഫെബ്രുവരി 24 മുതൽ 27 വരെയാണ് സന്ദർശനം. കേന്ദ്ര സർക്കാരിന്റെ വിവിധ പ്രമുഖ സ്ഥാപനങ്ങളും ഗവേഷണ കേന്ദ്രങ്ങളും സംഘം സന്ദർശിക്കും. പദ്ധതികളുടെ പ്രവർത്തനരീതി, വരാനിരിക്കുന്ന പുതിയ സംരംഭങ്ങൾ, ഗവേഷണ മേഖലയിലെ പുരോഗതി എന്നിവയെക്കുറിച്ച് നേരിട്ട് മനസ്സിലാക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം.

സംസ്ഥാനങ്ങൾ തമ്മിലുള്ള ബന്ധം സുദൃഢമാക്കുന്നതിനൊപ്പം, കേന്ദ്രാവിഷ്കൃത പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ മാധ്യമങ്ങളുടെ പങ്കും ഈ സന്ദർശനത്തിലൂടെ ചർച്ചയാകും. നാല് ദിവസം നീണ്ടുനിൽക്കുന്ന പര്യടനത്തിന് ശേഷം 27-ാം തീയതിയോടെ സംഘം കേരളത്തിലേക്ക് മടങ്ങും.

By admin