ഗുവാഹതി: അസമിലെ നിയമസഭാ തിരഞ്ഞെടുപ്പിന് വെറും 4 ദിവസം മാത്രം ബാക്കിനില്‍ക്കെ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാൻ ശർമ്മയ്‌ക്ക് മൂന്ന് വിദേശ പാസ്‌പോർട്ടുകൾ ഉണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര നടത്തിയ വാര്‍ത്താസമ്മേളനം പച്ചനുണയാണെന്ന് വെല്ലുവിളിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ ഒരു കാര്യം പറഞ്ഞു:”ഏത് പാതാളത്തിലൊളിച്ചാലും പിടിക്കും”. ഹിമന്ത ശര്‍മ്മ ചെയ്യുന്നതേ പറയൂ എന്നറിയാവുന്ന പവന്‍ ഖേര ഇപ്പോള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പവന്‍ഖേരയുടെ ദല്‍ഹിയിലെ വീട്ടില്‍ റെയ്ഡ് നടത്തിയ അസം പൊലീസ് ചില രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്. പവന്‍ ഖേരയുടെ അവസാനത്തെ നുണ ആരോപണമായിരിക്കും ഇതെന്നും ഹിമന്ത ബിശ്വ ശര്‍മ്മ താക്കീത് നല്‍കിയിട്ടുണ്ട്. പൊതുവേ കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി ഇല്ലാത്ത നുണക്കഥകള്‍ പല നേതാക്കള്‍ക്കെതിരെയും വിളിച്ചുപറയാന്‍ മടിയില്ലാത്ത നേതാവാണ് പവന്‍ഖേര. ഒരിയ്‌ക്കലും സത്യമല്ലാത്ത ആരോപണങ്ങളാണ് ഇക്കുറി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യയ്‌ക്ക് നേരെ ഉയര്‍ത്തിയിരിക്കുന്നത്.
ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മയ്‌ക്ക് യുഎഇ, ഈജിപ്ത്, ആന്റിഗ്വ, ബാർബുഡ എന്നിവിടങ്ങളിൽ നിന്നുള്ള പാസ്‌പോർട്ടുകൾ ഉണ്ടെന്നായിരുന്നു ഖേരയുടെ അവകാശവാദം. ‘ദുരുദ്ദേശ്യപരവും കെട്ടിച്ചമച്ചതും രാഷ്‌ട്രീയ പ്രേരിതവുമായ നുണകൾ’ എന്ന് അന്നേ ഖേരയ്‌ക്കെതിരെ ഹിമന്ത ആഞ്ഞടിച്ചിരുന്നു.
ചോദ്യം ചെയ്യപ്പെടുന്ന രേഖകൾ, പാസ്‌പോർട്ടായി തെറ്റായി ചിത്രീകരിച്ച ഒരു യുഎഇ തിരിച്ചറിയൽ കാർഡും ആന്റിഗ്വ, ബാർബുഡ, ഈജിപ്ത് എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് പാസ്‌പോർട്ടുകളും, ഇരട്ട അല്ലെങ്കിൽ ഒന്നിലധികം പൗരത്വത്തിന്റെ തെളിവായി കോൺഗ്രസ് വക്താവ് പവൻ ഖേര പത്രസമ്മേളനത്തിനിടെ ഹാജരാക്കിയിരുന്നു. ഇതെല്ലാം വ്യാജ രേഖകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
പവന്‍ ഖേര വാർത്താസമ്മേളനത്തിൽ കാണിച്ച ‘പാസ്‌പോർട്ടുകൾ’ വ്യാജമാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയും അസം ബിജെപിയും പറഞ്ഞു, ഇവ യഥാർത്ഥ രേഖകളല്ലെന്ന് കാണിക്കുന്ന നിരവധി തെളിവുകള്‍ അവർ ചൂണ്ടിക്കാട്ടിയിരുന്നു.