
തിരുവനന്തപുരം: മാധ്യമങ്ങളോട് ക്ഷുഭിതനായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തിൽ പ്രതികരണം തേടിയപ്പോഴായിരുന്നു ക്ഷുഭിതനായത്. ഏയ് റിപ്പോർട്ടറെ നിങ്ങൾ കുറേക്കാലമായി തുടങ്ങിയിട്ട് എന്ന് പറഞ്ഞ വെള്ളാപ്പള്ളി മൈക്ക് തട്ടി മാറ്റിയശേഷം അവിടെ നിന്ന് കാറിൽ കയറിപോവുകയായിരുന്നു.
വര്‍ക്കല ശിവഗിരി മഠത്തിന്റെ വാര്‍ഷിക പരിപാടിക്കുശേഷം മടങ്ങുന്നതിനിടെയാണ് വെള്ളാപ്പള്ളി നടേശന്റെ പ്രതികരണം. വര്‍ഗീയ വാദിയാണെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട ചോദ്യത്തിൽ മലപ്പുറത്തെക്കുറിച്ച് താൻ പറഞ്ഞത് ശരിയായ കാര്യമാണെന്നും മലപ്പുറം അടക്കമുള്ള മലബാറിലെ മൂന്ന് ജില്ലകളിൽ എസ്എൻഡിപിക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാൻ കഴിയുന്നില്ലെന്നും വെള്ളാപ്പള്ളി ആവര്‍ത്തിച്ചു.
എസ്എൻഡിപിക്ക് സ്ഥലമൊക്കെയുണ്ടെന്നും എന്നാൽ അനുമതി കിട്ടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇതിനുശേഷമാണ് പ്രകോപിതനായി സ്ഥലത്ത് നിന്ന് വെള്ളാപ്പള്ളി പോയത്.