• Mon. Sep 22nd, 2025

24×7 Live News

Apdin News

ഏറ്റവും വലിയ കൊടുങ്കാറ്റ് ചൈനയെ നശിപ്പിക്കുമോ?

Byadmin

Sep 22, 2025



ബെയ്ജിംഗ് : ഏറ്റവും ശക്തമായ കൊടുങ്കാറ്റില്‍ രാജ്യം തകരുമോ എന്ന ഭീതിയില്‍ ചൈന. വേഗത എത്രയെന്നോ? മണിക്കൂറില്‍ 267 കിലോമീറ്റര്‍. 2025ല്‍ ഉണ്ടായ ശക്തമായ കൊടുങ്കാറ്റായ ‘ടൈഫൂൺ റഗാസ’ ഉടനെ ചൈനയില്‍ നാശം വിതയ്‌ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കാറ്റ് കെട്ടിടങ്ങളും മരങ്ങളും കടപുഴകുക മാത്രമല്ല, തീരപ്രദേശങ്ങളിൽ അതിശക്തമായ തിരമാലകൾ ഉണ്ടാക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഹോങ്കോങ്ങിൽ നിന്ന് 1000 കിലോമീറ്റർ കിഴക്ക് – തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ കൊടുങ്കാറ്റ് പടിഞ്ഞാറോട്ട് നീങ്ങുകയാണ്. ഹോങ്കോങ്, മകാവു, ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യ എന്നിവിടങ്ങളിലേക്കും കൊടുങ്കാറ്റ് നീങ്ങാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴയും ശക്തമായ കാറ്റും മൂലം ജനജീവിതം സാരമായി ബാധിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ദിവസം ഈ കൊടുങ്കാറ്റ് ഫിലിപ്പീൻസിൽ വൻ നാശനഷ്ടങ്ങൾ വിതച്ചിരുന്നു. ഫിലിപ്പൈന്‍സിന്റെ വടക്കൻ പ്രദേശങ്ങളിൽ ആണ് കാറ്റ് ആഞ്ഞടിച്ചത്.

വേഗതയുള്ള കാറ്റും കനത്ത മഴയും കൊടുങ്കാറ്റും വലിയ നാശമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഫിലിപ്പീൻസിന്റെ കാലാവസ്ഥാ ഏജൻസിയായ പഗാസ അറിയിച്ചു. ടൈഫൂൺ റഗാസയുടെ പശ്ചാത്തലത്തിൽ പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. ഫിലിപ്പീൻസിന് പുറമേ ഹോങ്കോങ്, തായ്‌വാൻ, ചൈന തുടങ്ങിയ രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. ചൈന അതിശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഫിലിപ്പീൻസിലെ ബടാനെസ്, ബാബുയാൻ ദ്വീപുകൾ, കിഴക്കൻ തായ്‌വാൻ, വിയറ്റ്നാം എന്നിവിടങ്ങളിലെല്ലാം വലിയ നാശമാണ് ടൈഫൂൺ റഗാസ വിതച്ചത്. തെക്കന്‍ ചൈനയിലും നാശനഷ്ടങ്ങള്‍ വിതച്ചിട്ടുണ്ട്. പക്ഷെ ചൈനയുടെ പ്രധാന പ്രദേശങ്ങളിലേക്ക് കാറ്റ് നീങ്ങുമോ എന്ന ഭീതിയുണ്ട്.

കൊടുങ്കാറ്റിനൊപ്പം ശക്തമായ മഴയാണ് പെയ്യുന്നത്. ഇത് വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും കാരണമാകുന്നു. ടൈഫൂൺ റഗാസയുടെ പശ്ചാത്തലത്തിൽ 315 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ഉണ്ടാക്കുമെന്നും, തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും കാറ്റിന്റെ ശക്തി കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

 

By admin