
കോട്ടയം: ഏറ്റുമാനൂര്‍ ഇത്തവണ സാക്ഷ്യം വഹിക്കുന്നത് ശ്രദ്ധേയമായ തെരഞ്ഞെടുപ്പ് അങ്കമായിരിക്കും. വാഗ്ദാനങ്ങള്‍ വീണ്ടും വാഗ്ദാനങ്ങളായി നിലനിര്‍ത്തിക്കൊണ്ട് മന്ത്രിയും എംഎല്‍എയുമായ വി.എന്‍.വാസവന്‍ വീണ്ടും തെരെഞ്ഞെടുപ്പ് അങ്കത്തിന് നാട്ടുകാരുടെ ഇടയിലേയ്‌ക്ക് ഇറങ്ങിയിരിക്കുമ്പോള്‍ കഴിഞ്ഞ തവണ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച പ്രകടന പത്രികയില്‍ എന്തെല്ലാം നടപ്പിലാക്കിയെന്ന ചോദ്യമാണ് പൊതുസമൂഹത്തില്‍ നിന്നും ഉയരുന്നത്.
സിപിഎമ്മിലെ കെ. സുരേഷ് കുറുപ്പിന്റെ പിന്‍ഗാമിയായാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ നിന്ന് വി എന്‍ വാസവന്‍ തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ കഴിഞ്ഞ 10 വര്‍ഷമായി സിപിഎം പ്രതിനിധിയാണ് ഈ മണ്ഡലത്തില്‍ വിജയിക്കുന്നത്. വാസവന്‍ എംഎല്‍എ മാത്രമല്ല, കഴിഞ്ഞ അഞ്ചു വര്‍ഷമായി ശ്രദ്ധേയ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയുമാണ്. അധികാര കേന്ദ്രങ്ങളില്‍ വലിയ സ്വാധീനമുണ്ടായിട്ടും കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ സാധിച്ചോ?. പരിശോധിച്ചാല്‍ പ്രകടന പത്രിക വെറും ‘പ്രകടനം’ മാത്രമാണെന്ന് അടിവരയിടുന്നതാണ് എല്ലാം.
ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ ചിലത്…
1. ഏറ്റുമാനൂര്‍ നഗരത്തെ ആധുനിക നഗരമാക്കും. ഗതാഗത പരിഷ്‌കാരങ്ങള്‍, ഡ്രെയിനേജ് സംവിധാനങ്ങള്‍, അനുയോജ്യമായ ഇടങ്ങളില്‍ പാര്‍ക്ക്, കളിസ്ഥലങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, വുമണ്‍വെല്‍നെസ്റ്റ് സെന്ററുകള്‍, ശുചി മുറികള്‍, ആധുനീകരിച്ച പച്ചക്കറി-മത്സ്യ-മാംസ മാര്‍ക്കറ്റുകള്‍, അറവുശാലകള്‍ ഇവ അടങ്ങുന്ന സമഗ്ര മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും – എല്ലാം ജലരേഖയായി കിടക്കുന്നുവെന്ന് കാണാം.
2. ഏറ്റുമാനൂര്‍ ടൗണിലെ ഗതാഗതക്കുരുക്കിന് ശാശ്വതവും ശാസ്ത്രീയവുമായ പരിഹാരമായ ഭരണാനുമതി നേടിയിട്ടുള്ള ഫ്ളൈഓവര്‍, റിങ് റോഡ് എന്നീ പദ്ധതികള്‍ സമഗ്രമാക്കിയും, പരാതികള്‍ പരിഹരിച്ചും സമയബന്ധിതമാക്കി പൂര്‍ത്തിയാക്കും.- പൂര്‍ത്തിയാക്കപ്പെട്ടോ?
3. ജനങ്ങളുടെ ദീര്‍ഘകാല ആവശ്യമായ ഏറ്റുമാനൂര്‍ താലൂക്ക് രൂപികരിക്കും. ഭരണാനുമതി ലഭിച്ചിട്ടുള്ള മിനി സിവില്‍ സ്റ്റേഷന്‍, റവന്യൂ ടവര്‍, പരിപ്പ്-തൊള്ളായിരം റോഡ് പൂര്‍ത്തിയാക്കും – ഒന്നും സംഭവിച്ചില്ല.
4. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഏറ്റുമാനൂര്‍ കോടതി പാരമ്പര്യ പഴമ സംരക്ഷിച്ച് നവീന കോടതി കോംപ്ലക്‌സ് നിര്‍മ്മിക്കും – അതേപടി നിലനില്‍ക്കുന്നു.
5. ഏറ്റുമാനൂര്‍ ഗേള്‍സ് ഹൈസ്‌കൂള്‍ കെട്ടിട സമുച്ചയം നിര്‍മ്മിച്ച് എല്ലാ ആധുനിക സൗകര്യങ്ങളുമുള്ള മികച്ച സ്‌കൂളാക്കി മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കും – പൂര്‍ത്തീകരിച്ചോ?
6. മണ്ഡലത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളുടെ പശ്ചാത്തല സൗകര്യം മെച്ചപ്പെടുത്തും. -എത്ര സ്‌കൂളുകള്‍ മെച്ചപ്പെടുത്തി?
7. ജലക്ഷാമം അനുഭവപ്പെടുന്ന മേഖലകളില്‍ വീടുകളില്‍ ശുദ്ധജലം എത്തിക്കും – വെള്ളമെത്തുന്നത് സ്വപ്‌നം കണ്ട് ജനം കാത്തിരിക്കുന്നു.
8. തരിശുഭൂമികള്‍ പൂര്‍ണ്ണമായും കൃഷിഭൂമിയാക്കും. കൃഷിയും അനുബന്ധ കൃഷിയും പദ്ധതി നടപ്പിലാക്കും -എത്ര സ്ഥലത്തു നടപ്പിലാക്കി?
9. കുമരകം കാര്‍ഷിക ഗവേഷണ കേന്ദ്രത്തെ മികവിന്റെ കേന്ദ്രമാക്കി ഉയര്‍ത്തും – ഉയര്‍ത്തപ്പെട്ടില്ലെന്നു മാത്രമല്ല, ഇന്നിത് പൂട്ടലിന്റെ വക്കിലാണ്.
10. വേമ്പനാട് കായലിന്റെ ആഴം കൂട്ടിയും മാലിന്യമുക്തമാക്കിയും കായല്‍ മത്സ്യസമ്പത്ത് വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി നടപ്പിലാക്കും.- പദ്ധതിതി വന്നില്ല, കായല്‍ നാശത്തിന്റെ വക്കിലുമാണ്.
11. ഏറ്റുമാനൂര്‍ ക്ഷേത്രം, മാന്നാനം ചാവറ കുര്യാക്കോസ് മ്യൂസിയം, തിരുവാര്‍പ്പ് ക്ഷേത്രം, അതിരമ്പുഴ പള്ളി, കുടമാളൂര്‍ ക്ഷേത്രം, അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹം, വാസുദേവപുരം ക്ഷേത്രം, കുടമാളൂര്‍ പള്ളി, വേദഗിരി, പാണ്ഡവം ക്ഷേത്രം, കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം, കൈതമല മുസ്ലിംപള്ളി, തുടങ്ങി വിവിധ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തി പില്‍ഗ്രിം ടൂറിസ്റ്റ് സര്‍ക്യൂട്ട് പദ്ധതി നടപ്പിലാക്കും.- ഒന്നും സംഭവിച്ചില്ല.
12. അന്താരാഷ്‌ട്ര ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കുമരകത്തെ പശ്ചാത്തല സൗകര്യങ്ങള്‍ ആധുന ികവല്‍ക്കരിക്കും. കുമരകത്ത് ഹെലിപ്പാഡ് സ്ഥാപിക്കും. ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന എയര്‍ ടാക്‌സി സര്‍വീസും വാട്ടര്‍ മെട്രോ സര്‍വ്വീസും ആരംഭിക്കും.- ഇതു വല്ലതും നടന്നോ ?
13. വൈക്കം മുതല്‍ കുമരകം വരെ വേമ്പനാട് കായലോര ടൂറിസം ഹബ്. ഉത്തരവാദിത്വ ടൂറിസം പദ്ധതികള്‍ കുടുതല്‍ മേഖലകളില്‍ നടപ്പിലാക്കും.- എവിടെയെങ്കിലും നടപ്പിലാക്കപ്പെട്ടോ ?
14. ഉള്‍നാടന്‍ പുഴകളും പാടങ്ങളുടെ പച്ചപ്പും മീന്‍ പിടിത്തവും വേറിട്ട ഗ്രാമീണ ജീവിതവുമൊക്കെ ചേര്‍ന്ന പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തും.- എത്ര പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തപ്പെട്ടു?
15. കോട്ടയം മെഡിക്കല്‍ കോളേജിനെ എയിംസ് നിലവാരത്തിലെത്തിക്കും. മെഡിക്കല്‍ കോളേജില്‍ ഇന്‍ഫെക്ഷന്‍ ഡിസീസ് റിസര്‍ച്ച് സെന്റര്‍ ആരംഭിക്കും. ഏതാനും കെട്ടിടങ്ങള്‍ നിര്‍മ്മിച്ച് പൊളിഞ്ഞു വീണ കെട്ടിടത്തില്‍ ഉണ്ടായിരുന്ന രോഗികളെ അങ്ങോട്ടു മാറ്റിയതല്ലാതെ ഒന്നും നടന്നില്ല.
16. അമ്മഞ്ചേരിയിലെ കുട്ടികളുടെ ആശുപത്രി മെഡിക്കല്‍ കോളേജിലെ ഗൈനക്കോളജി വിഭാഗത്തോടു ചേര്‍ന്ന അമ്മമാരുടെ ആശുപത്രിയുടെ സമീപത്താക്കി ആധുനീകരിക്കും-വാഗ്ദാനത്തിലൊതുങ്ങി.
17. നവീന സ്‌പോര്‍ട്ട്‌സ് കോളേജും സ്‌പോര്‍ട്ട്‌സ് മെഡിസിന്‍ സെന്ററും ആരംഭിക്കും. ഇങ്ങനെ നടക്കാത്ത പദ്ധതികളുടെ ഒരു നീണ്ട നിരയാണ് ഏറ്റുമാനൂരിന്റെ നിലവിലെ ജനപ്രതിനിധി കഴിഞ്ഞതവണ ഇറക്കിയ പ്രകടന പത്രികയിലുള്ളത്. ഇത്തവണയും സ്വപ്‌ന വാഗ്ദാനങ്ങളുമായുള്ള പ്രകടനപത്രികയുണ്ടാകും. അത് മുന്നില്‍ കണ്ട് ജനങ്ങള്‍ തന്നെ പറഞ്ഞു തുടങ്ങി…നടക്കുന്നതു പറയുവാനും പറയുന്നതു നടപ്പിലാക്കുവാനും കഴിയുന്നവരാകണം ജനപ്രതിനിധിയായി വരേണ്ടത്.