
ന്യൂദല്‍ഹി: മൂന്ന് പതിറ്റാണ്ട് മുമ്പ് ഏറ്റെടുത്ത ഭൂമിക്ക് പകരം തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം അത്തരമൊരു അവകാശം നല്‍കുന്നില്ലെന്നും നഷ്ടപരിഹാരം നല്‍കിയതോടെ സംസ്ഥാനത്തിന്റെ ബാധ്യത പൂര്‍ണ്ണമായും നിറവേറ്റിയെന്നും കോടതി നിരീക്ഷിച്ചു. ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം 1998-ല്‍ കുടുംബ ഭൂമി ഏറ്റെടുത്ത ഒരു വ്യക്തി സമര്‍പ്പിച്ച പ്രത്യേക അവധി ഹര്‍ജി പരിഗണിക്കുകയായിരുന്നു ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് പ്രസന്ന ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് .
കുടുംബത്തിന് നിയമപ്രകാരം നഷ്ടപരിഹാരം ഇതിനകം ലഭിച്ചിട്ടുണ്ടെന്നും ഏറ്റെടുത്ത ഭൂമിക്ക് പകരം തൊഴില്‍ നല്‍കുന്നതിനുള്ള വ്യവസ്ഥ നിയമത്തില്‍ വിഭാവനം ചെയ്യുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ‘നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം, ഏറ്റെടുക്കുന്ന ഭൂമിയില്‍, ഹര്‍ജിക്കാരനോ അദ്ദേഹത്തിന്റെ കുടുംബത്തിനോ നഷ്ടപരിഹാരത്തിന് മാത്രമേ അര്‍ഹതയുള്ളൂ. ഏറ്റെടുത്ത ഭൂമിക്ക് പകരം ജോലി നല്‍കുന്നതിനുള്ള വ്യവസ്ഥയില്ല,’ ബെഞ്ച് വ്യക്തമാക്കി.