• Fri. Mar 28th, 2025

24×7 Live News

Apdin News

ഏവരും ഉറ്റുനോക്കുന്ന ലാറ്റിനാമേരിക്കന്‍ ക്ലാസിക് പോരാട്ടം നാളെ

Byadmin

Mar 25, 2025


സഹീലു റഹ്മാന്‍

ഫുട്‌ബോള്‍ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രസീല്‍- അര്‍ജന്റീന പോരാട്ടം നാളെ. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30ക്ക് അര്‍ജന്റൈന്‍ തട്ടകമായ എസ്റ്റാഡിയോ മാസ് മോണുമെന്റല്‍ വെച്ച് നടക്കും. ലോകകപ്പ് യോഗ്യതാ പോരാട്ടത്തിലെ നിര്‍ണായക മത്സരത്തിലാണ് ചിരവൈരികള്‍ നേര്‍ക്കുനേര്‍ വരുന്നത്. ബ്രസീലിനു ജയം അനിവാര്യമാണ്. അതേസമയം ലോകകപ്പ് യോഗ്യതയ്ക്ക് തൊട്ടരികില്‍ നില്‍ക്കുന്ന നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ അര്‍ജന്റീനയ്ക്ക് ഒരു സമനില മാത്രം മതി യോഗ്യത ഉറപ്പിക്കാന്‍.

ഇരു ടീമുകള്‍ക്കും സമ്മര്‍ദ്ദമുണ്ട്. ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസി ഇല്ലാതെയാണ് അര്‍ജന്റീന പന്ത് തട്ടാന്‍ ഇറങ്ങുന്നത്. 13 കളിയില്‍ 28 പോയിന്റുമായി ലാറ്റിനമേരിക്കന്‍ യോഗ്യതാ റൗണ്ടില്‍ അര്‍ജന്റീനയാണ് ഒന്നാമത്. 21 പോയിന്റുകളുമായി ബ്രസീല്‍ മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു.

അര്‍ജന്റീനയ്‌ക്കെതിരെ കഴിഞ്ഞ ആറ് വര്‍ഷമായി ഒരു മത്സരവും ബ്രസീല്‍ ജയിച്ചിട്ടില്ല. 2019ല്‍ കോപ്പ അമേരിക്ക കിരീടം നേടിയ ശേഷം ഒരു മേജര്‍ കിരീടവും ബ്രസീലിനില്ല. മറുഭാഗത്ത് അര്‍ജന്റീന 2022ലെ ലോകകപ്പ് കിരീടം, രണ്ട് കോപ്പ അമേരിക്ക കിരീടങ്ങള്‍, ഫൈനലിസിമ തുടങ്ങിയ കിരീടങ്ങളെല്ലാം സ്വന്തമാക്കി.

പുതിയ പരിശീലകന്‍ ഡൊറിവാള്‍ ജൂനിയറിന്റെ കീഴില്‍ തുടര്‍ സമനിലകളുമായി നട്ടംതിരിയുകയായിരുന്നു ബ്രസീല്‍. കഴിഞ്ഞ കളിയില്‍ കൊളംബിയക്കെതിരെ വിജയം നേടി ജയ വഴിയില്‍ തിരിച്ചെത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് കാനറികള്‍. ശക്തരായ ഉറുഗ്വായിയെ തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് അര്‍ജന്റീന ഇറങ്ങുന്നത്.

സ്വന്തം കാണികള്‍ക്ക് മുന്നില്‍ അവസാന 12 കളിയില്‍ പതിനൊന്നിലും ക്ലീന്‍ ഷീറ്റുള്ള എമിലിയാനോ മാര്‍ട്ടിനെസിനെ മറികടക്കുകയാവും ബ്രസീലിന്റെ ഏറ്റവും വലിയ വെല്ലുവിളി. കൊളംബിയയെ തോല്‍പിച്ച ടീമില്‍ ബ്രസീല്‍ ആറുമാറ്റം വരുത്തിക്കഴിഞ്ഞു കോച്ച് ഡൊറിവാള്‍ ജൂനിയര്‍.

പരിക്കേറ്റ അലിസണ്‍, ഗെര്‍സണ്‍ സസ്പെന്‍ഷനിലായ ഗബ്രിയേല്‍ മഗാലെസ്, ബ്രൂണോ ഗ്വിമയ്സ് എന്നിവര്‍ക്ക് പകരം ബെന്റോ, മുറിലോ, ആന്ദ്രേ, ജോയലിന്റണ്‍ എന്നിവര്‍ക്കൊപ്പം വെസ്ലിയും മത്തേയൂസ് കൂഞ്ഞയും ടീമിലെത്തിയേക്കും. മിന്നും ഫോമിലുള്ള റഫീഞ്ഞ, വിനിഷ്യസ്, റോഡ്രിഗോ എന്നിവരിലാണ് സാമ്പാ താളക്കാരുടെ പ്രതീക്ഷ. അര്‍ജന്റൈന്‍ ടീമിലും മാറ്റം ഉണ്ടായേക്കും. പരിക്കില്‍ നിന്ന് മുക്തനായ റോഡ്രിഗോ ഡി പോള്‍ ടീമിലേക്ക് തിരിച്ചെത്തിയേക്കും.

ഇന്റര്‍ ക്യാപ്ടന്‍ ലൗതാറോ മാര്‍ട്ടിനസും, പൗളോ ഡിബാലയും പരിക്കേറ്റ് പുറത്തായതിനാല്‍ ഹൂലിയന്‍ അല്‍വാരസിനൊപ്പം ഉറുഗ്വേയ്ക്കെതിരെ മിന്നുംഗോള്‍ നേടിയ തിയാഗോ അല്‍മാഡയാകും മുന്നേറ്റനിരയില്‍ തുടരുക. മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസ്, അലക്സിസ് മക് അലിസ്റ്റര്‍ പ്രതിരോധത്തില്‍ മൊളിന, റോമേറോ, ഓട്ടമെന്‍ഡി, ടാഗ്ലിയാഫിക്കോ എന്നിവരുടെ സ്ഥാനം ഉറപ്പാണ്.

By admin