ദുബായ്: ഏഷ്യാ കപ്പിൽ വസീം അക്രം അടക്കമുള്ള മുൻതാരങ്ങൾ തുല്യശക്തികളുടെ പോരാട്ടമാകുമെന്ന് പ്രവചിച്ച ഇന്ത്യ-പാകിസ്താൻ പോരാട്ടം ഏകപക്ഷീയമായി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 127 റൺസിൽ ഒതുക്കിയ ഇന്ത്യൻ ബൗളർമാരുടെ മികവിനുശേഷം, 15.5 ഓവറിൽ വെറും മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ ലക്ഷ്യം കൈവരിച്ചു. ഏഴു വിക്കറ്റുകളുടെ തകർപ്പൻ ജയവുമായി ഇന്ത്യ സൂപ്പർ ഫോമിൽ മുന്നേറി.
ഇന്ത്യയുടെ വിജയത്തിന് അടിത്തറ വെച്ചത് യുവതാരം അഭിഷേക് ശർമയാണ്. ഷഹീൻ ഷാ അഫ്രീദിയുടെ ആദ്യ പന്ത് തന്നെ ബൗണ്ടറിയാക്കി ഇന്ത്യയുടെ ആക്രമണനയം പ്രഖ്യാപിച്ച അഭിഷേക്, അടുത്ത പന്ത് സിക്‌സറാക്കി. വെറും 13 പന്തിൽ 2 സിക്‌സും 4 ഫോറും അടക്കം 31 റൺസ് നേടി പാകിസ്താനെ തുടക്കത്തിൽ തന്നെ സമ്മർദത്തിലാക്കി. ഏഴു പന്തിൽ നിന്ന് 10 റൺസെടുത്ത ശുഭ്മാൻ ഗിൽ 22-ൽ പുറത്തായെങ്കിലും, അഭിഷേക്-സൂര്യകുമാർ കൂട്ടുകെട്ട് ഇന്ത്യയെ മുന്നോട്ടു നയിച്ചു.
ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തിലക് വർമ്മയുമായി ചേർന്ന് മൂന്നാം വിക്കറ്റിന് 56 റൺസ് ചേർത്തു. തിലക് 31 റൺസെടുത്ത് പുറത്തായതിന് ശേഷം ശിവം ദുബെയെ (10*) കൂട്ടുപിടിച്ച് സൂര്യ ടീമിനെ വിജയത്തിലെത്തിച്ചു. 37 പന്തിൽ 5 ബൗണ്ടറിയോടെ 47 റൺസെടുത്ത സൂര്യ, സൂഫിയാൻ മുഖീമിന്റെ പന്ത് സിക്‌സറിന് തൂക്കിയാണ് ജയം കുറിച്ചത്. മത്സരശേഷം പാകിസ്താൻ താരങ്ങളുമായി കൈകൊടുക്കാതെ സൂര്യയും സംഘവും പവലിയനിലേക്ക് മടങ്ങി
ടോസ് അനുകൂല്യം ഉപയോഗപ്പെടുത്തി ആദ്യം ബാറ്റ് ചെയ്ത പാകിസ്താനെ ആദ്യ പന്തിൽ തന്നെ ഹാർദിക് പാണ്ഡ്യ തകർത്തു. ഇൻസ്വിംഗറിൽ ബാറ്റ് തൊട്ട സായിം അയ്യൂബ് ഗോൾഡൻ ഡക്കായി ബുംറയുടെ കയ്യിലേയ്‌ക്ക്. തുടർന്നു ബുംറ (2/19) ഹാരിസിനെയും മടക്കി. അക്ഷർ പട്ടേൽ (2/25) ഫഖർ സമാനെയും, കുൽദീപ് യാദവ് (3/24) ഹസൻ നവാസ്-മുഹമ്മദ് നവാസ് സഖ്യത്തെയും വീഴ്‌ത്തി. ഹാർദിക്, വരുണ്‍ ചക്രവര്‍ത്തി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
സഹിബ്‌സാദ ഫർഹാൻ (40) മാത്രമാണ് പ്രതിരോധിക്കാൻ ശ്രമിച്ചത്. അവസാനഘട്ടത്തിൽ ഷഹീൻ അഫ്രീദി 16 പന്തിൽ നാല് സിക്‌സുമായി 33 റൺസ് നേടി പുറത്താകാതെ നിന്നെങ്കിലും, ടീമിനെ ഉയർത്താൻ സാധിച്ചില്ല.
ഇന്ത്യൻ ബൗളർമാർ
കുൽദീപ് യാദവ് – 3 വിക്കറ്റ്
അക്ഷർ പട്ടേൽ – 2 വിക്കറ്റ്
ജസ്പ്രീത് ബുംറ – 2 വിക്കറ്റ്
ഹാർദിക് പാണ്ഡ്യ – 1 വിക്കറ്റ്
വരുണ്‍ ചക്രവര്‍ത്തി – 1 വിക്കറ്റ്
ഇന്ത്യൻ ബാറ്റ്‌സ്മാൻമാർ
അഭിഷേക് ശർമ്മ — 31 റൺസ് (13 പന്തിൽ, 2 സിക്‌സും 4 ഫോറും)
ശുഭ്മാൻ ഗിൽ — 10 റൺസ് (7 പന്തിൽ)
സൂര്യകുമാർ യാദവ് — 47 റൺസ് (37 പന്തിൽ, 5 ബൗണ്ടറി)
തിലക് വർമ്മ — 31 റൺസ് (31 പന്തിൽ, 1 സിക്‌സ്, 2 ഫോർ)
ശിവം ദുബെ — 10 റൺസ് (നോട്ടൗട്ട്)