കലാശപ്പോരില്‍ പാക്കിസ്ഥാനെതിരെ പൊരുതി നേടിയ വിജത്തോടെ ഏഷ്യാ കപ്പ് കിരീടത്തില്‍ ഒന്‍പതാം തവണ ഇന്ത്യ മുത്തമിട്ടു. പാക്കിസ്ഥാനെ 5 വിക്കറ്റിന് വീഴ്ത്തിയാണ് ഇന്ത്യ കിരീടമണിഞ്ഞത്. തുടക്കത്തില്‍ ഒന്നു പതറിയെങ്കിലും തിലകും സഞ്ജുവും ചേര്‍ന്ന് പടയെ പിടിച്ചുകയറ്റി, പിന്നീട് തിലകും ദുബെയും ചേര്‍ന്ന് വിജയത്തിലേക്ക് അടുപ്പിക്കുകയും ഒടുക്കം റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് തിലക് വര്‍മ തന്നെ ഇന്ത്യയെ കിരീടത്തിലേക്കു എത്തിച്ചു. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 147 റണ്‍സ് വിജയലക്ഷ്യം, 19.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. അര്‍ധസെഞ്ചറി നേടിയ തിലക് വര്‍മ (53 പന്തില്‍ 69*), ശിവം ദുബെ (22 പന്തില്‍ 33) , സഞ്ജു സാംസണ്‍ (21 പന്തില്‍ 24) എന്നിവരുടെ ബാറ്റിങ്ങാണ് ഇന്ത്യയ്ക്കു ഊര്‍ജ്ജമായത്.
പാകിസ്ഥാനെതിരായ മറുപടി ബാറ്റിങ്ങില്‍, പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അഭിഷേക് ശര്‍മ (5), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (1), ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ (12) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് പവര്‍പ്ലേയില്‍ നഷ്ടമായത്. പാക് താരം ഫഹീം അഷ്‌റഫ് ആണ് അഭിഷേക് ശര്‍മയെയും ശുഭ്മാന്‍ ഗില്ലിനെയും പുറത്താക്കിയത്. ഷഹീന്‍ അഫ്രീദിക്കാണ് സൂര്യകുമാറിന്റെ വിക്കറ്റ്. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ 36/3 എന്ന നിലയിലായിരുന്നു ഇന്ത്യ.
തിലകും സഞ്ജുവും ചേര്‍ന്നു നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്ത്യയെ കരക്കെത്തിച്ചത്. നാലാം വിക്കറ്റില്‍ ഒന്നിച്ച ഇരുവരും ചേര്‍ന്ന് 57 റണ്‍സ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തു. നാല് സിക്‌സും, മൂന്നു ഫോറുമാണ് തിലക് അടിച്ചെടുത്തത്. ഒരു സിക്‌സും രണ്ടു ഫോറും നേടിയ സഞ്ജുവിനെ 13ാം ഓവറില്‍ അബ്രാര്‍ അഹമ്മദാണ് വീഴ്ത്തിയത്. നേരത്തെ, അബ്രാം തന്നെ എറിഞ്ഞ എട്ടാം ഓവറില്‍ 12 റണ്‍സുമായി നിന്ന സഞ്ജുവിനെ പാക്ക് ഫീല്‍ഡര്‍ ഹുസൈന്‍ തലാത് ഡ്രോപ് ചെയ്തിരുന്നു. പിന്നാലെയെത്തിയ ശിവം ദുബെ, തിലകയ്ക്ക് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യ വിജയത്തിലേക്ക് അടുത്തു. 19ാം ഓവറില്‍ ദുബയെ വീഴ്ത്തി ഫഹീം അഷ്‌റഫ് പാക്കിസ്ഥാന് വീണ്ടും പ്രതീക്ഷ നല്‍കിയെങ്കിലും റിങ്കു സിങ്ങിനെ കൂട്ടുപിടിച്ച് തിലക് വര്‍മ ഇന്ത്യയെ വിജയിപ്പിക്കുകയായിരുന്നു.