ദുബൈ: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ ചാമ്പ്യന്മാരായി ഒരുമാസം പിന്നിട്ടിട്ടും ജേതാക്കളുടെ ട്രോഫി ഇതുവരെ ഇന്ത്യക്ക് ലഭിച്ചിട്ടില്ല. ട്രോഫി കൈമാറണമെന്ന് ആവശ്യപ്പെട്ട് ബി.സി.സി.ഐ (എസിസി) ഔദ്യോഗികമായി ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനും പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് തലവനുമായ മുഹ്‌സിന്‍ നഖ്‌വിക്ക് കത്തെഴുതിയെങ്കിലും, അദ്ദേഹം അതിന് തയ്യാറായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍.
ബി.സി.സി.ഐ പ്രതിനിധി ദുബൈയിലെ എ.സി.സി ആസ്ഥാനത്തെത്തി ട്രോഫി ഏറ്റുവാങ്ങാനെത്തിയെങ്കിലും, നഖ്‌വി വ്യക്തിപരമായി തന്നെ ട്രോഫി കൈമാറണമെന്ന ആവശ്യം ഉന്നയിച്ച് പ്രക്രിയ തടഞ്ഞുവെന്നതാണ് വിവരം. ഇതിനെതിരെ ബി.സി.സി.ഐ ഐ.സി.സി (അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍)യെ സമീപിക്കാനാണ് തയ്യാറെടുക്കുന്നത്. ഐ.സി.സി ജനറല്‍ ബോഡി യോഗത്തില്‍ വിഷയം ഉന്നയിച്ച് നഖ്‌വിയെ ഇംപീച്ച് ചെയ്ത് പുറത്താക്കുന്നതിനുള്ള നീക്കവും ഇന്ത്യ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടയില്‍, ദുബൈയിലെ എ.സി.സി ആസ്ഥാനത്തുനിന്ന് ഏഷ്യ കപ്പ് ട്രോഫി അബൂദബിയിലെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും വിവരം പുറത്തുവന്നു. ബി.സി.സി.ഐ പ്രതിനിധിയോട് എ.സി.സി ഓഫീസ് ജീവനക്കാരിലൊരാള്‍ തന്നെയാണ് ഇത് വെളിപ്പെടുത്തിയത്.
ഫൈനലില്‍ പാകിസ്താനെ തോല്‍പിച്ച് ഇന്ത്യ കിരീടം നേടിയെങ്കിലും, നഖ്‌വിയില്‍നിന്ന് ട്രോഫിയും മെഡലും ഏറ്റുവാങ്ങാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. അതിനുശേഷം ട്രോഫിയുമായി നഖ്‌വി താമസിക്കുന്ന ഹോട്ടലിലേക്ക് പോയതായാണ് വിവരം. ട്രോഫിയില്ലാതെ തന്നെയാണ് പിന്നീട് ഇന്ത്യന്‍ ടീം വിജയാഘോഷം നടത്തിയത്.
ടൂര്‍ണമെന്റില്‍ ഇന്ത്യയും പാകിസ്താനും മൂന്നു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് നഖ്‌വിയില്‍നിന്ന് കിരീടം ഏറ്റുവാങ്ങില്ലെന്ന് ടീം ഇന്ത്യ തീരുമാനിച്ചിരുന്നു. അതിനാലാണ് ക്യാപ്റ്റന്മാര്‍ മത്സരത്തിന് മുമ്പും ശേഷവും കൈകൊടുക്കലുകള്‍ ഒഴിവാക്കിയത്.
നഖ്‌വി തന്റെ സമ്മതമില്ലാതെ ട്രോഫി കൈമാറരുതെന്ന് എ.സി.സി ജീവനക്കാരോട് കര്‍ശന നിര്‍ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയ്ക്ക് പിന്തുണയുമായി ശ്രീലങ്കയും അഫ്ഗാനിസ്ഥാനും രംഗത്തെത്തിയിട്ടുണ്ട്.