ന്യൂദല്‍ഹി: ഐഎംഎഫ് വായ്പ പാകിസ്ഥാന് കിട്ടാതിരിക്കാന്‍ ഇന്ത്യ നോക്കിയിട്ടും നടന്നില്ലെന്ന പാകിസ്ഥാനിലെ പത്രപ്രവര്‍ത്തകന്റെ വീരവാദത്തെ വിമര്‍ശിച്ചും പരിഹസിച്ചും ബോളിവുഡ് നടി ഗുല്‍ പനാഗ്. പാകിസ്ഥാന്റെ ഭീമമായ കടപ്പട്ടികയിലേക്ക് മറ്റൊരു കടം കൂടി ചേര്‍ത്തിരിക്കുന്നുവെന്നായിരുന്നു ഗുല്‍ പനാഗിന്റെ പരിഹാസം. എക്സിലെ പോസ്റ്റിലായിരുന്നു ഗുല്‍ പനാഗിന്റെ ഈ പ്രതികരണം.
“ഐഎംഎഫ് 100 കോടി ഡോളറിന്റെ വായ്പ പാകിസ്ഥാന് അനുവദിച്ചിരിക്കുകയാണ്. ഐഎംഎഫ് ധനസഹായം പാകിസ്ഥാന് കിട്ടാതിരിക്കാന്‍ ഇന്ത്യ ആവും വിധം ശ്രമിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അവര്‍ പരാജയപ്പെട്ടതോര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നു”- ഇതായിരുന്നു പാകിസ്ഥാനിലെ മാധ്യമപ്രവര്‍ത്തകനായ ശഹബാസ് റാണ എക്സില്‍ കുറിച്ചത്. ഇതിന് മറുപടിയെന്നോണമാണ് ഗുല്‍പനാഗ് ഒരു കുറിപ്പ് പങ്കുവെച്ചത്.
“മറ്റൊരു വായ്പ കൂടി പാകിസ്ഥാന്‍ നേടിയെടുത്തതില്‍ അഭിനന്ദനം അറിയിക്കുന്നു. എല്ലാ ബഹുമാനത്തോടും കൂടി പറയുന്നു. ഇന്ത്യയ്‌ക്ക് ആ പണം വേണ്ട. 1993ന് ശേഷം ഇന്ത്യ ഐഎംഎഫില്‍ നിന്നും ഒരു ധനസഹായവും സ്വീകരിച്ചിട്ടില്ല. ഇന്ത്യ 2000 മെയ് 31ന് മുന്‍പ് മുഴുവന്‍ തുകയും തിരിച്ചടച്ചിട്ടുണ്ട്.”- പാകിസ്ഥാനെ ട്രോളിയും ഇന്ത്യയെ വാഴ്‌ത്തിയും ഗുല്‍പനാഗ് കുറിച്ചു.
ഗുല്‍ പനാഗിന്റെ അച്ഛന്‍ പനാഗ് ആര്‍മിയില്‍ ലഫ്. ജനറലായിരുന്നു. കൂട്ടുകാരനെത്തന്നെയാണ് ഭര്‍ത്താവാക്കിയത്. റിഷി അട്ടാരി പൈലറ്റാണ്. ബോളിവുഡ് സിനിമകളില്‍ താരമായിരുന്ന ഗുല്‍പനാഗ് 1999ല്‍ മിസ് ഇന്ത്യയായിരുന്നു. പൈലറ്റ് കൂടിയാണ് ഗുല്‍ പനാഗ്. പാക് ജേണലിസ്റ്റ് ഇന്ത്യന്‍ സൈന്യത്തെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചപ്പോള്‍ ദേശസ്നേഹിയായ നടിയ്‌ക്ക് സഹിച്ചില്ല. അതാണ് പ്രതികരിക്കാന്‍ കാരണമായത്.