കൊച്ചി: സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകര സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട്‌മെന്റ് ചെയ്യാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ മുഹമ്മദ് അസറുദീന്‍, ഷേഖ് ഹിദായത്തുള്ള എന്നിവര്‍ക്കുള്ള ശിക്ഷ എന്‍ഐഎ കോടതി ഇന്ന് വിധിക്കും. പ്രതികള്‍ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കൊച്ചി എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിലൂടെ യുവാക്കളെ ഐഎസിലേക്ക് ആകര്‍ഷിക്കുകയും ഇവര്‍ക്ക് പള്ളികളില്‍ പരിശീലനം നല്കുകയും ചെയ്തതായി തെളിഞ്ഞിരുന്നു. 2017-2018 കാലഘട്ടത്തില്‍ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും സമൂഹമാധ്യമങ്ങളിലൂടെയാണ് ഐഎസ് ഭീകരസംഘടനയിലേക്ക് റിക്രൂട്ട്‌മെന്റിന് ശ്രമിച്ചത്.
ഭീകരവാദ സംഘടനയില്‍ അംഗമാവുക, ഭീകരവാദ ആശയ പ്രചാരണം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിട്ടുള്ളത്. മൂന്ന് കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചു. 2019ലാണ് മുഹമ്മദ് അസറുദീനെയും ഷേഖ് ഹിദായത്തുള്ളയെയും എന്‍ഐഎ അറസ്റ്റുചെയ്തത്.
കോയമ്പത്തൂര്‍ കാര്‍ സ്‌ഫോടനത്തില്‍ ചാവേറായ ജമീഷ മുബിന്‍ നേരത്തെ ജയിലിലെത്തി അസറുദീനെ കണ്ടിരുന്നു. കോയമ്പത്തൂര്‍ ഉക്കടം കാര്‍ബോംബ് സ്‌ഫോടനത്തിലെ ഗൂഢാലോചന കേസിലും പ്രതികളാണിവര്‍. ഇതിന്റെ വിചാരണയും നടന്നുവരികയാണ്.