• Sun. Oct 19th, 2025

24×7 Live News

Apdin News

ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവം; ഇതര സംസ്ഥാന തൊഴിലാളി കസ്റ്റഡിയില്‍

Byadmin

Oct 19, 2025


തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാളെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ ഇന്നലെ അറസ്റ്റ് ചെയ്തതായാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടില്ല.

സംഭവം കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഉണ്ടായത്. കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയ യുവതി ടെക്‌നോപാര്‍ക്ക് മേഖലയില്‍ ജോലി ചെയ്യുന്ന ഐടി ജീവനക്കാരിയാണ്. കഴക്കൂട്ടത്ത് ഒരു പേയിങ് ഗസ്റ്റ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്. പുലര്‍ച്ചെ രണ്ട് മണിയോടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ ബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. ഇരുട്ടായിരുന്നതിനാല്‍ ആക്രമിയുടെ മുഖം വ്യക്തമായി കാണാനായില്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പരിസരപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചു. അന്വേഷണത്തില്‍ ലഭിച്ച ദൃശ്യങ്ങള്‍ വഴിയാണ് ഇതര സംസ്ഥാന തൊഴിലാളിയെ സംശയിതനായി തിരിച്ചറിഞ്ഞ് കസ്റ്റഡിയില്‍ എടുക്കുന്നത്.

സംഭവത്തിന് പിന്നാലെ കഴക്കൂട്ടം മേഖലയില്‍ പട്രോളിങ് ശക്തമാക്കിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ പി. അനില്‍ കുമാര്‍ അറിയിച്ചു. ടെക്‌നോപാര്‍ക്ക് മേഖലയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും 750-ലേറെ പേയിങ് ഗസ്റ്റ് ഹോസ്റ്റലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഹോസ്റ്റലുകളിലെ സുരക്ഷാ സംവിധാനങ്ങള്‍ ഓഡിറ്റ് ചെയ്യാനുള്ള നടപടി പരിഗണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനകളും സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസവും യാത്രയും ഉറപ്പാക്കുന്നതിനുള്ള നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്ത്രീകളുടെ നേരെ അശ്ലീല ആംഗ്യം കാണിക്കല്‍, വസ്ത്രം മോഷ്ടിക്കല്‍ തുടങ്ങിയ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതായും പൊലീസ് അറിയിച്ചു.

By admin