ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ മൂന്ന് വേദികളിലായി പൂര്‍ത്തിയാക്കാന്‍ ബിസിസിഐ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്. ഒരാഴ്ചത്തേക്കാണ് ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചിരുന്നത്. ദക്ഷിണേന്ത്യയിലെ മൂന്ന് സ്റ്റേഡിയങ്ങളാണ് ഇതിനായി പരിഗണിക്കുന്നത്. ചെന്നൈ ചെപ്പോക്ക്, ബെംഗളൂരു ചിന്നസ്വാമി, ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയം എന്നിവയാണ് പരിഗണനയിലുള്ളത്. മെയ് 25ന് കൊല്‍ക്കത്തയില്‍ തീരുമാനിച്ച ഫൈനല്‍ മാറ്റുമെന്നും ഉറപ്പായി. സംഘര്‍ഷത്തിന് അയവുവന്നാല്‍ അവശേഷിക്കുന്ന 16 മത്സരങ്ങളും പ്ലേഓഫും ഫൈനലും ഈ സ്റ്റേഡിയത്തിലായി നടക്കും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇനി മത്സരങ്ങള്‍ നടത്തേണ്ടെന്നാണ് തീരുമാനം.
വെടിനിര്‍ത്തല്‍ തീരുമാനിച്ച സാഹചര്യത്തില്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത് വേഗത്തിലാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ടൂര്‍ണമെന്റ് സെപ്തംബറിലേക്ക് മാറ്റാനുള്ള തീരുമാനത്തോട് ബിസിസിഐക്ക് യോചിപ്പില്ല. മത്സരങ്ങള്‍ ഇന്ത്യയില്‍ തന്നെ നടത്താനാണ് ബിസിസിഐ തീരുമാനം.