തിരുവനന്തപുരം: വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സ്ഥാനത്തുളള മുന്‍ ഐ ബി ഉദ്യോഗസ്ഥന്‍ സുകാന്ത് ഒളിവിലായിരുന്നപ്പോള്‍ കഴിഞ്ഞത് ദക്ഷിണേന്ത്യയിലെ വിവിധ ക്ഷേത്രങ്ങളിലെന്ന് പൊലീസിന് മൊഴി നല്‍കി. ധര്‍മ്മസ്ഥ ല, മാംഗ്ലൂര്‍, കൊല്ലൂര്‍, ഉഡുപ്പി, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ പോയെന്നും ക്ഷേത്രങ്ങളില്‍ നിന്നും ഭക്ഷണം കഴിച്ചുവെന്നും സുകാന്ത് പറഞ്ഞു.
ട്രെയിനില്‍ ടിക്കറ്റെടുക്കാതെ സഞ്ചരിച്ചു. ചിലരുടെ ഫോണ്‍ വാങ്ങി ബന്ധുക്കളെ വിളിച്ചു.ഇന്നലെ കീഴടങ്ങിയ സുകാന്തിനെ റിമാന്‍ഡ് ചെയ്തു. സമൂഹമനസാക്ഷിയെ ഞെട്ടിച്ച ക്രൂരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.സുകാന്തിനെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് അടുത്ത ദിവസം അപേക്ഷ നല്‍കും.
വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായും സാമ്പത്തികമായും സുഹൃത്തും സഹപ്രവര്‍ത്തകയുമായ യുവതിയെ വഞ്ചിച്ച സുകാന്ത് ആത്മഹത്യക്ക് പ്രേരിപ്പിക്കുകയായിരുന്നു. യുവതിയുമായുള്ള ചാറ്റുകള്‍ ഇതിന് തെളിവാണെന്ന് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഉണ്ട്. മറ്റൊരു വിവാഹം കഴിക്കണമെന്നും ചാവല്ലേന്നുമാണ് സുകാന്ത് ചാറ്റില്‍ പറഞ്ഞത്.എന്നാല്‍ വഞ്ചിച്ചതില്‍ മനംനൊന്ത് യുവതി മരിക്കുമെന്ന് മറുപടി പറഞ്ഞു. വിമാനത്താവളത്തില്‍ നിന്ന് ജോലി കഴിഞ്ഞിറങ്ങിയ യുവതി ട്രെയിനു മുന്നില്‍ ചാടി ജീവനൊടുക്കുകയായിരുന്നു. സുകാന്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന് അമ്മാവന്‍ മോഹനനെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. പ്രതിയായതോടെ സുകാന്തിനെ ഐബിയില്‍ നിന്ന് പുറത്താക്കിയിരുന്നു.