കൊച്ചി: 33കാരനായ കൊട്ടാരക്കര സ്വദേശിയായ ഐസക് ജോര്‍ജിന്റെ ഹൃദയം ട്രാന്‍സ്പ്ലാന്റിനായി കൊച്ചിയിലെത്തി. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാരിന്റെ എയര്‍ ആംബുലന്‍സിലൂടെ ഹൃദയം കൊച്ചിയിലെത്തിച്ച ശേഷം, ഹയാത്ത് ഹെലിപ്പാഡില്‍ ഇറക്കി ആംബുലന്‍സില്‍ ലിസി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സെപ്റ്റംബര്‍ 6ന് റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഐസക്കിനെ വെന്റിലേറ്റര്‍ സഹായത്തോടെ ചികില്‍സിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരം മസ്തിഷ്‌കമരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബം അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു.
ഐസക്കിന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, കോര്‍ണിയകള്‍ ഉള്‍പ്പെടെ ആകെ ആറു അവയവങ്ങളാണ് ദാനം ചെയ്യുന്നത്. കരളും ഒരു വൃക്കയും കിംസില്‍, മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, കോര്‍ണിയകള്‍ കണ്ണാശുപത്രിയില്‍, ഹൃദയം കൊച്ചിയിലെ ലിസി ആശുപത്രിയില്‍ 28കാരനായ അങ്കമാലി സ്വദേശി അജിന്‍ ഏലിയാസിനായി മാറ്റിവെക്കുകയാണ്.