കോന്നി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ ഇടത് പ്രചാരണത്തില്‍ നെടുനായകത്വം വഹിച്ചത് വിവാദ വ്യവസായി രാജേഷ് കൃഷ്ണ. തോമസ് ഐസക്കുമായുള്ള സൗഹൃദത്തിന്റെ ആഴം അടയാളപ്പെടുത്തും വിധമായിരുന്നു പ്രവര്‍ത്തനം.
ഐസക്ക് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നതിനു മാസങ്ങള്‍ മുമ്പ് നടത്തിയ ‘വിജ്ഞാന പത്തനംതിട്ട’ തൊഴില്‍ മേളയുടെ പ്രധാന ചുമതലക്കാരനുമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് സിപിഎം കുടുംബയോഗങ്ങളിലും സജീവമായിരുന്നു. എന്നാല്‍ സിപിഎം നേതാക്കളും മന്ത്രിമാരുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ കത്ത് പുറത്ത് വന്നതോടെ രാജേഷ് കൃഷ്ണയെ തള്ളിപ്പറയുകയാണ് ഐസക്ക്. പത്തനംതിട്ടയിലെ ജില്ലാ നേതാക്കള്‍ അടക്കം എല്ലാവരുമായി എഎസ്എഫ്ഐക്കാലം മുതലേ രാജേഷ് ഒന്നിച്ചു പ്രവര്‍ത്തിച്ചിരുന്നു. പ്രവാസിയായതോടെ രാജേഷ് സജീവ രാഷ്‌ട്രീയം വിട്ടു. ചെങ്ങന്നൂര്‍ എംഎല്‍എയും മന്ത്രിയുമായ സജിചെറിയാനുമായും അടുത്ത ബന്ധമുണ്ടായിരുന്നു. എസ്എഫ്‌ഐക്കാലത്ത് ഇരുവരും ഒരുമിച്ചു പ്രവര്‍ത്തിച്ചിരുന്നു. സിപിഎം അനുകൂല സന്നദ്ധ സംഘടന ‘കരുണ പാലിയേറ്റീവ് കെയറി’ന്റെ പ്രധാന സ്പോണ്‍സറായ ഈ പ്രവാസി വ്യവസായി ജില്ലയിലെ പ്രമുഖ സിപിഎം നേതാവിന്റെ അടത്ത ബന്ധുകൂടിയാണ്.
പത്തനംതിട്ട വാര്യാപുരം സ്വദേശിയായ രാജേഷ് പത്തനംതിട്ട കാതോലിക്കേറ്റ് കോളജില്‍ എസ്എഫ്‌ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായിരുന്നു. ഏരിയ കമ്മിറ്റിയിലും അംഗമായിരുന്നു. വിദേശ ഫണ്ട് പരിവ് അടക്കമുള്ള കാര്യങ്ങളില്‍ എന്നും പാര്‍ട്ടിക്ക് കരുത്തായിരുന്നു രാജേഷ് കൃഷ്ണ. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിദേശ പ്രതിനിധിയായി പങ്കെടുക്കാന്‍ ശ്രമിച്ചു പുറത്താക്കപ്പെട്ടതോടെയാണ് രാജേഷ് കൃഷ്ണ വാര്‍ത്തകളില്‍ നിറഞ്ഞത്. യുകെയിലെ സിപിഎം അനുകൂലസംഘടനയായ എഐസിയെ പ്രതിനിധീകരിച്ചാണ് രാജേഷ് പാര്‍ട്ടി കോണ്‍ഗ്രസില്‍ എത്തിയതെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, പരാതിയുടെ അടിസ്ഥാനത്തില്‍ തിരിച്ചയയ്‌ക്കുകയായിരുന്നു.