ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമിനെ നാളെ പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കറും നാളെ ഉച്ചയ്ക്ക് 12.30ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനേയും ഇതിനോടൊപ്പം പ്രഖ്യാപിക്കുമെന്നും ബിസിസിഐ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അഞ്ചു ട്വന്റി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്.
ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്കിടെ പുറംവേദനയെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുള്ള ബുംറ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമിലിടം നേടുമോ എന്നതാണ് ഏറെ ശ്രദ്ധേയം.
ഓസ്‌ട്രേലിയന്‍ പരമ്പരയ്ക്ക് പിന്നാലെ താരങ്ങള്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗങ്ങള്‍ക്കും ബിസിസിഐ കര്‍ശന നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നു. ടീമില്‍ ഭിന്നതകളുണ്ടെന്ന റിപ്പോര്‍ട്ടുകളും നിലനില്‍ക്കെയാണ് രോഹിത് ശര്‍മയും അജിത് അഗാര്‍ക്കറും ശനിയാഴ്ച മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഇത് സംബന്ധിച്ചുയരുന്ന ചോദ്യങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കും.