ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ പരമ്പരയിലെ മികച്ച പ്രകടനത്തിലൂടെ റെക്കോഡ് റേറ്റിങ് പോയന്റുമായി ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ജസ്പ്രീത് ബുംറ.
ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും ഉയര്‍ന്ന റേറ്റിങ് പോയന്റെന്ന ആര്‍. അശ്വിന്റെ റെക്കോഡിനൊപ്പമെത്താനും ബുംറയ്ക്കായി. 904 റേറ്റിങ് പോയന്റാണ് ഇപ്പോള്‍ ബുംറയ്ക്കുള്ളത്. താരത്തിന്റെ കരിയര്‍ ബെസ്റ്റ് റേറ്റിങ് കൂടിയാണിത്.
ബ്രിസ്‌ബെയ്‌നിലെ ഗാബ ടെസ്റ്റില്‍ 9 വിക്കറ്റ് വീഴ്ത്തിയ പ്രകടനത്തോടെ 14 റേറ്റിങ് പോയന്റാണ് താരത്തിന് ലഭിച്ചത്. ഇതോടെയാണ് 904 റേറ്റിങ് പോയന്റിലേക്ക് ബുംറ എത്തിയത്. 2016 ഡിസംബറിലാണ് അശ്വിന്‍ 904 റേറ്റിങ് പോയന്റ് നേടിയത്.
മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 10.90 ശരാശരിയില്‍ 21 വിക്കറ്റുകളാണ് ബുംറ നേടിയത്. ബോര്‍ഡര്‍ഗവാസ്‌കര്‍ ട്രോഫി ചരിത്രത്തില്‍ മറ്റൊരു ബൗളറും ആദ്യ മൂന്ന് ടെസ്റ്റുകള്‍ക്ക് ശേഷം ഇതുവരെ 15 വിക്കറ്റില്‍ കൂടുതല്‍ നേടിയിട്ടില്ല. നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയ്ക്ക് 856 പോയന്റ് മാത്രമാണുള്ളത്.
ഇതോടൊപ്പം ഏഷ്യന്‍ പേസ് ബൗളര്‍മാരില്‍ 900 റേറ്റിങ് പോയന്റ് നേടുന്ന മൂന്നാമത്തെ മാത്രം താരമാണ് ബുംറ. പാക് താരങ്ങളായ ഇമ്രാന്‍ ഖാനും വഖാര്‍ യൂനിസുമാണ് ഇതിനു മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.