ഗുവാഹത്തി : ഐസിസി വനിതാ ക്രിക്കറ്റ് ലോകകപ്പ് 2025-ല്‍ ഇന്ത്യക്ക് വിജയത്തുടക്കം. അസമിലെ ബര്‍സപ്പാറ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്കയെ 59 റണ്‍സിനാണ് തോല്‍പ്പിച്ചത്. മഴ മൂലം 47 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ,8 വിക്കറ്റിന് 269 റണ്‍സ് നേടി.
അമന്‍ജോത് കൗര്‍ (57), ദീപ്തി ശര്‍മ്മ (53) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറികളുടെ പിന്‍ബലത്തില്‍ ആണ് ഇന്ത്യ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.മധ്യ ഓവറുകളിലെ തകര്‍ച്ചയ്‌ക്ക് ശേഷം ഏഴാം വിക്കറ്റില്‍ 103 റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
സ്മൃതി മന്ദാനയെ ആദ്യമേ നഷ്ടമായെങ്കിലും, പ്രതിക റാവല്‍, ഹര്‍ലീന്‍ ഡിയോള്‍ എന്നിവരുടെ സ്ഥിരമായ പ്രകടനങ്ങള്‍ ഇന്ത്യന്‍ ഇന്നിംഗ്സിന് താങ്ങായി.സ്‌നേഹ റാണയും ദീപ്തി ശര്‍മ്മയും ചേര്‍ന്ന് അവസാന ഓവറുകളില്‍ നടത്തിയ വെടിക്കെട്ട് പ്രകടനം ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചു.
ശ്രീലങ്ക സ്പിന്നര്‍ ഇനോക രണവീര നാല് വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്‌ക്ക് നിശ്ചിത റണ്‍ നിരക്ക് നിലനിര്‍ത്താന്‍ ആയില്ല. ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിന് മുന്നില്‍ വിക്കറ്റുകള്‍ ഇടവേളകളില്‍ വീണു. ദീപ്തി ശര്‍മ്മ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. സ്‌നേഹ റാണ രണ്ട് വിക്കറ്റുകള്‍ നേടി. ശ്രീലങ്ക 45.4 ഓവറില്‍ 211 റണ്‍സിന് ഓള്‍ ഔട്ടായി.