• Sun. Nov 16th, 2025

24×7 Live News

Apdin News

ഐസ്‌ലാന്റിലെ കൊതുകുകള്‍

Byadmin

Nov 16, 2025



തലക്കെട്ടു വായിക്കുമ്പോള്‍ ആരുടെ മനസ്സിലും ഉണ്ടാകാവുന്ന ഒരു ചോദ്യമുണ്ട്. ഐസ്ലാന്റിലെ കൊതുകുകള്‍ക്ക് എന്താണിത്ര പ്രത്യേകത. തീര്‍ച്ചയായും ആ കൊതുകുകള്‍ക്ക് യാതൊരു പ്രത്യേകതയുമില്ല. മറിച്ച് ഐസ്ലാന്റിനാണ് പ്രത്യേകത. ഭൂഗോളത്തില്‍ കൊതുകുകളുടെ ചിറകടി ഉയരാത്ത അപൂര്‍വ നാടെന്ന പ്രത്യേകത.

അന്നാട്ടില്‍ ആദ്യമായി കൊതുകിന്റെ ഇരമ്പം മുഴങ്ങിയെന്നറിയുമ്പോഴുണ്ടാവുന്ന ആകുലത. ഐസ്ലാന്റിന്റെ തലസ്ഥാനമായ റെയ്ജാവിക്കിന്റെ വടക്ക് കിഴക്കുള്ള ഹിമാനി താഴ്വരയായ ക്ജോസിലാണ് നാടിനെ നടുക്കിയ ആ സംഭവം നടന്നത്. അവിടെ മുന്തിരിത്തോട്ടത്തില്‍ തയ്യാറാക്കിയ മധുരമുള്ള വൈന്‍ കെണി (റെഡ്വൈന്‍ റിബണ്‍) യില്‍ മൂന്ന് കൊതുകുകള്‍ വീണു. ഒരാണും രണ്ട് പെണ്ണും. രാജ്യത്തെത്തിയ ആദ്യ കൊതുകുകള്‍… കിട്ടിയ പാതി അതിനെ പിടികൂടിയ ബിജോണ്‍ ജാല്‍റ്റസണ്‍ എന്ന പ്രാണിപ്രിയന്‍ അവയെ നാഷണല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെത്തിച്ചു. പരിശോധനക്കുശേഷം പ്രാണി ശാസ്ത്രജ്ഞനായ മത്തിയാസ് ആല്‍ഫ്രഡ് വിധിയെഴുതി- അവ കൊതുകുകള്‍തന്നെ. വര്‍ഗം കുലിസെറ്റ അനുലാറ്റ. അവയുടെ ഉള്ളില്‍ രോഗാണുക്കളെ ഒന്നും കണ്ടെത്താനായില്ലെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിച്ചു.

തണുപ്പു നിറഞ്ഞ ഐസ്ലാന്റില്‍ ഉഷ്ണരക്ത ജീവികളായ കൊതുകുകള്‍ എങ്ങനെയെത്തിയെന്നതായിരുന്നു അടുത്ത ചോദ്യം. കപ്പലിലെ കണ്ടെയ്നറിനകത്തു കയറി വന്നതാണെന്ന് ചില വിരുതന്മാര്‍ പറഞ്ഞു. വിമാനത്തിലൂടെ എത്തിയെന്ന് മറ്റ് ചിലര്‍ ആശ്വാസം കൊണ്ടു. കാലാവസ്ഥാ മാറ്റം മൂലമുണ്ടായ ആഗോളതാപനത്താല്‍ ആണെന്ന് ചില ‘ദോഷൈദൃക്കു’കള്‍ പറഞ്ഞു. 1980 ല്‍ ഐസ്ലാന്റിന് വളരെ അടുത്തുവരെ ഒരു കൊതുക് വന്നത്രെ. അന്ന് ഗ്രീന്‍ലാന്റില്‍നിന്ന് കെഫ്ലാവിക് വിമാനത്താവളത്തിലെത്തിയ വിമാനത്തില്‍ വന്ന കൊതുകിനെ ശാസ്ത്രജ്ഞനായ ഗിസ്ലി മാര്‍ ഗിസ്ലാസന്‍ അന്ന് പിടികൂടി. അതിനെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നാച്വറല്‍ ഹിസ്റ്ററിയുടെ ചില്ലലമാരയില്‍ പതിക്കുകയും ചെയ്തു.

വടക്കന്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ ആര്‍ട്ടിക് വൃത്തത്തില്‍ കഴിയുന്ന ഐസ്ലാന്റില്‍ തണുപ്പുകാലത്ത് മൈനസ് ഒന്നാണ് താപനില. ചൂടുകാലത്ത് പരമാവധി 11 ഡിഗ്രി സെന്റിഗ്രേഡും. കൊതുക് തണുപ്പുകാലത്ത് മുട്ടയിട്ടാലും ചൂടുകാലത്ത് ലാര്‍വ വിരിഞ്ഞാലും ഇടക്കിടെ വെള്ളം കട്ടിയാവുമ്പോള്‍ ചത്തുപോകും. പക്ഷേ ചൂട് കൂടുന്നു. കഴിഞ്ഞ വേനലില്‍ ഐസ്ലാന്റിലും ചൂട് കൂടി. ഹിമാനികള്‍ അതിവേഗം ഉരുകിത്തുടങ്ങി. അപ്പോള്‍ ചൂടിനെ ഇഷ്ടപ്പെടുന്ന കൊതുകുകള്‍ വരിക സ്വാഭാവികം. ഒന്നോ രണ്ടോ വന്നാല്‍ മ്യൂസിയത്തില്‍ വയ്‌ക്കാം. ഒരുപാടായാലോ?

 

By admin